സ്വവർഗാനുരാഗിയായ യുവതിയെ പുരുഷനെ കൊണ്ട് വിവാഹം കഴിപ്പിച്ചു; വിവാഹമോചനത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകി കോടതി

സ്വവർഗാനുരാഗിയായ യുവതിയെ ഇഷ്ടത്തിന് വിരുദ്ധമായി വിവാഹം കഴിപ്പിച്ചതിൽ ഇടപെട്ട് ഡൽഹി ഹൈക്കോടതി. പ്രായപൂർത്തിയായ സ്ത്രീയെ ഭർതൃവീട്ടിലും, സ്വന്തം വീട്ടിലും താമസിക്കാൻ നിർബന്ധിക്കാനാകില്ലെന്ന് ജസ്റ്റിസ് മുകേഷ് ഗുപ്ത നിരീക്ഷിച്ചു. അഭയകേന്ദ്രത്തിൽ തുടരുന്ന യുവതിക്ക് ഡൽഹി പൊലീസ് സംരക്ഷണമൊരുക്കണം. യുവതിയോടും ഭർത്താവിനോടും സംസാരിച്ച കോടതി, വിവാഹമോചനത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കാനും നിർദേശം നൽകി.
സ്വവർഗാനുരാഗിയായ യുവതിയെ വീട്ടുകാർ നിർബന്ധിച്ച് വിവാഹം കഴിപ്പിക്കുകയായിരുന്നു. എന്നാൽ 2021 മാർച്ച് ഏഴിന് ഭർതൃവീട്ടിൽ നിന്ന് രക്ഷപ്പെട്ട യുവതി ഡൽഹിയിലെ എൻജിഒയുടെ സഹായം തേടിയതോടെയാണ് വിഷയം പുറത്തറിയുന്നത്. തുടർന്ന് യുവതിയെ സുരക്ഷിതമായ കേന്ദ്രത്തിലേക്ക് മാറ്റിയെങ്കിലും കുടുംബം അവിടെ വന്ന് യുവതിയോട് തങ്ങൾക്കൊപ്പം വരാൻ നിർബന്ധം പിടിച്ചു.
യുവതിക്ക് അഭയം നൽകിയതിന്റെ പേരിൽ ആർക്കും അപകടമുണ്ടാകരുതെന്ന് കോടതി പ്രത്യേകം എടുത്ത് പറഞ്ഞു. യുവതിക്ക് ഇഷ്ടമുള്ളിടത്ത് താമസിക്കാൻ അവകാശമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
Story Highlights – Delhi High Court Grants Protection To Lesbian Woman Married Against Her Wishes
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here