ഇന്ധന വില ഗണ്യമായി വർധിപ്പിയ്ക്കാതെ മുന്നോട്ട് പോകാനാവില്ല; കേന്ദ്രസർക്കരിനോട് എണ്ണക്കമ്പനികൾ

രാജ്യത്ത് ഇന്ധന വില ഗണ്യമായി വർധിപ്പിയ്ക്കാതെ മുന്നോട്ട് പോകാനാവില്ലെന്ന് കേന്ദ്രസർക്കാരിനോട് വ്യക്തമാക്കി എണ്ണക്കമ്പനികൾ. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുതിച്ച് ഉയരുന്നതിനാൽ വില വർധനവ് അനിവാര്യമാണെന്നാണ് എണ്ണക്കമ്പനികൾ സർക്കാരിനെ അറിയിച്ചത്. അതേസമയം, കേന്ദ്രം നഷ്ടം നികത്താതെ ഇന്ധനത്തിന്മേലുള്ള തിരുവകൾ കുറയ്ക്കാൻ ഇപ്പോൾ സാധിയ്ക്കില്ലെന്ന് ബിജെപി ഭരിയ്ക്കുന്ന സംസ്ഥാനങ്ങൾ അടക്കം നിലപാട് സ്വീകരിച്ചത് കേന്ദ്രത്തിന്റെ പ്രതിസന്ധി വർധിപ്പിരിയ്ക്കുകയാണ്.
തെരഞ്ഞെടുപ്പ് കാലം കഴിയും വരെ ഇന്ധന വില വലിയ തോതിൽ വർധിപ്പിയ്ക്കരുതെന്നാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ നിർദ്ദേശം. പക്ഷേ, അധിക ദിവസം ഈ നിബന്ധന തുടരാൻ സാധിയ്ക്കില്ലെന്നാണ് എണ്ണക്കമ്പനികൾ സർക്കാരിനെ ഇപ്പോൾ അറിയിച്ചിരിയ്ക്കുന്നത്.
സൗദി അറേബ്യയുടെ എണ്ണസംഭരണികളിലേക്ക് ഹൂതി വിമതർ കഴിഞ്ഞ ദിവസം ആക്രമണം നടത്തിയിരുന്നു. 21 മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിലേക്കാണ് ഈ ആക്രമണം അസംസ്കൃത എണ്ണവിലയെ എത്തിച്ചിരിക്കുന്നത്. ബ്രാൻഡ് ക്രൂഡ് വില ഇപ്പോൾ ബാരലിന് 70.47 ഡോളറായി ഉയർന്നിരിയ്ക്കുകയാണ്. ഒരു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലെ ക്രൂഡ് ഓയിൽ വിലയാണിത്. കഴിഞ്ഞ ദിവസം മാത്രം 1.14 ഡോളർ വർധിച്ചതായും എണ്ണ കമ്പനികൾ പെട്രോളിയം മന്ത്രാലയത്തോട് വ്യക്തമാക്കി. അമേരിക്കയിലെ ടെക്സസിൽ ഉൾപ്പടെയുള്ള ഉണ്ടായ അതിശൈത്യം മൂലം എണ്ണ ഉൽപാദനം കുറഞ്ഞതും വില വർധനവിന് കാരണമായി എണ്ണ കമ്പനികൾ വിവരിച്ചു. പ്രതിദിനം 40 ലക്ഷം ബാരൽ എണ്ണയുടെ ഉൽപാദനമാണ് കുറഞ്ഞത്. വിലവർധിപ്പിയ്ക്കാതെ മുന്നോട്ട് പോകൻ അതുകൊണ്ട് സാധിയ്ക്കില്ല എന്നാണ് എണ്ണ കമ്പനികളുടെ നിലപാട്. വില വർധിപ്പിയ്ക്കണം എന്ന എണ്ണ കമ്പനികൾ ആവശ്യം ശക്തമാക്കിയതോടെ കടുത്ത പ്രതിരോധത്തിലായിരിയ്ക്കുകയാണ് കേന്ദ്രസർക്കാർ.
നിലവിൽ വില വർധനവ് തടയാനുള്ള കേന്ദ്രസർക്കാർ നീക്കങ്ങളെ പ്രതിരോധത്തിലാക്കുന്ന ആവശ്യവുമായി വിവിധ സംസ്ഥാനങ്ങളും രംഗത്തെത്തി. തീരുവകൾ കുറയ്ക്കാൻ തയ്യാറാണെങ്കിലും ഇങ്ങനെ ഉണ്ടാകുന്ന നഷ്ടം കേന്ദ്രം നികത്തണം എന്നാണ് ആവശ്യം. കേരളത്തിന് പുറമേ ബിജെപി ഭരിയ്ക്കുന്ന കർണ്ണാടകയും, മധ്യപ്രദേശും ഈ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. എണ്ണവില 3 മുതൽ 5 വരെ എങ്കിലും ലിറ്ററിന് അടുത്ത 15 ദിവസ്സം കൊണ്ട് വർധിപ്പിയ്ക്കാനാണ് എണ്ണ കമ്പനികളുടെ താത്പര്യം.
Story Highlights – not possible to move forward without increasing fuel prices; Oil companies
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here