Advertisement

‘ദ പ്രീസ്റ്റ്’ ഒരു പുരോഹിതന്റെ കുറ്റാന്വേഷണം ഹോളിവുഡ് സ്‌റ്റൈലിൽ എടുത്ത മലയാളം സിനിമ; റിവ്യു

March 12, 2021
Google News 2 minutes Read
the priest rishiraj singh review

-ഋഷിരാജ് സിംഗ്

ഒരാൾ ദുരൂഹ സാഹചര്യത്തിൽ മരിക്കുന്നതും മരണശേഷം ആത്മാവ് മറ്റൊരാളുടെ ശരീരത്തിൽ പ്രവേശിക്കുന്നതും പ്രതികാരം ചെയ്യുന്നതും നിരവധി സിനിമകളിൽ കണ്ടിട്ടുണ്ട്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഇങ്ങനെയുള്ള കാര്യങ്ങൾ സയൻസും അംഗീകരിക്കുന്നുണ്ട്. പാരാസൈക്കോളജിയിൽ ഇതിനെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുമുണ്ട്. ഒരാളുടെ ശരീരത്തിലെ പ്രേത ബാധ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നിരവധി സിനിമകളും നമ്മൾ കണ്ടിട്ടുണ്ട്. ‘ദി എക്‌സോർസിസ്റ്റ് ‘ എന്ന പേരിൽ ഹോളിവുഡിൽ സിനിമകളുടെ ഒരു പരമ്പര തന്നെ ഉണ്ടാക്കിയിട്ടുണ്ട്. മലയാളത്തിൽ ആണെങ്കിൽ ‘മണിച്ചിത്രത്താഴും’ ഇതുപോലുള്ള ഒരു സിനിമയായിരുന്നു. ഇതിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തമായി എന്നാൽ പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന ഒരു സിനിമയാണ് ‘ദ പ്രീസ്റ്റ്’.

മമ്മൂട്ടിയുടെ ഒരു സിബിഐ ഡയറിക്കുറിപ്പ് പോലെ തെളിയിക്കപ്പെടാത്ത കേസുകൾ കണ്ടുപിടിക്കുന്ന ഫാദർ ബെനഡിക്റ്റ് എന്ന പുരോഹിതൻ ആയിട്ടാണ് മമ്മൂട്ടി അഭിനയിച്ചിരിക്കുന്നത്. കഴിഞ്ഞ 34 വർഷ കാലത്തിനിടയ്ക്ക് മമ്മൂട്ടി അന്വേഷണ ഉദ്യോഗസ്ഥനായിട്ടുള്ള ഒരുപാട് സിനിമകൾ നമ്മൾ കണ്ടിട്ടുണ്ട്, എന്നാൽ ഈ സിനിമയിൽ പുരോഹിതനാണെങ്കിലും ഒരു അന്വേഷണ ഉദ്യോഗസ്ഥന്റെ എല്ലാ മികവുകളും കാണാൻ കഴിയും.

മാതാപിതാക്കൾ വളരെ ചെറുപ്പകാലത്തുതന്നെ നഷ്ടപ്പെട്ടെങ്കിലും അനുജത്തിയെ യാതൊരു കുറവുകളും ഇല്ലാതെ നോക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും നിർഭാഗ്യവശാൽ അതിനു സാധിക്കാതെ പോകുന്ന ഒരു ചേച്ചിയുടെ കഥാപാത്രമായി മഞ്ജുവാര്യർ വളരെ മികച്ച പ്രകടനം കാഴ്ച വച്ചിരിക്കുന്നു. ഈ സിനിമ കാണുമ്പോൾ സൂസൻ എന്ന റോൾ മഞ്ജുവാര്യർക്ക് വേണ്ടി മാത്രം എഴുതിയതായി തോന്നുന്നു.

ബേബി മോണിക്കയുടെ അമേയ എന്ന കഥാപാത്രം സാധാരണയുള്ള ബാലതാരങ്ങളിൽ നിന്നും വളരെ വ്യത്യസ്തമായ അഭിനയമാണ് അവതരിപ്പിക്കുന്നത്. ഈ സിനിമയുടെ കഥ തന്നെ മുന്നോട്ടു പോകുന്നത് ഈ കുട്ടിയുടെ അസ്വസ്ഥതകളിൽ നിന്നുമാണ്.

അനാഥാലയത്തിൽ താമസിക്കുന്ന ഒരു കുട്ടിയുടെ പ്രശ്‌നങ്ങൾ നിഖില വിമൽ (ജെസ്സി ടീച്ചർ) മനസ്സിലാക്കുന്നതും അത് കൈകാര്യം ചെയ്യുന്നതും വളരെ നല്ല രീതിയിൽ ഈ ചിത്രത്തിൽ കാണിച്ചിരിക്കുന്നു. അനാഥാലയം നടത്തുന്ന വളരെ കാരുണ്യം ഉള്ള സിസ്റ്റർ ആയി സാനിയയും അഭിനയിച്ചിരിക്കുന്നു.

രമേശ് പിഷാരടി ഡോക്ടർ ആയും ജഗദീഷ് വക്കീൽ ആയും കൊച്ചുപ്രേമൻ ലൈബ്രേറിയനായും ശ്രീനാഥ് ഭാസി സുഹൃത്തായും, മധുപാൽ, വെങ്കിടേഷ്, ടി.ജി.രവി തുടങ്ങിയവരും അവരുടേതായ തനത് ശൈലിയിൽ ഉള്ള അഭിനയം കാഴ്ച്ചവെചിട്ടുണ്ട്. ഡിവൈഎസ്പി ശേഖറിന്റെ അഭിനയവും വ്യത്യസ്തത പുലർത്തുന്നതാണ്.

ഈ സിനിമയിൽ രാഹുൽ രാജിന്റെ ബാഗ്രൗണ്ട് മ്യൂസിക് സിനിമയിലെ ഹൊറർ, സസ്‌പെൻസ്, മിസ്ട്രി രംഗങ്ങളെ വളരെ മികച്ച രീതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ സഹായിച്ചിട്ടുണ്ട്. ബാഗ്രൗണ്ട് മ്യൂസിക് നല്ലരീതിയിൽ ആസ്വദിക്കണമെങ്കിൽ തീയേറ്ററിൽ തന്നെ സിനിമ കാണേണ്ടതാണ്. എഡിറ്റർ ഷമീർ കുറഞ്ഞത് 20 മിനിറ്റെങ്കിലും കൂടി എഡിറ്റ് ചെയ്യേണ്ടതായിരുന്നു എന്നാണ് എന്റെ അഭിപ്രായം.

ജോഫിൻ ടി ചാക്കോയാണ് സ്‌ക്രിപ്റ്റും സംവിധാനവും നിർവഹിച്ചിട്ടുള്ളത്. ഒരു തുടക്കക്കാരന്റെ സിനിമയാണെന്ന് ഇത് കണ്ടാൽ ഒരിക്കലും മനസ്സിലാക്കാൻ കഴിയില്ല. ശ്യാം മേനോനും ദീപു പ്രദീപുമാണ് സ്‌ക്രീൻപ്ലേ നിർവഹിച്ചിരിക്കുന്നത്.

എല്ലാവരും തിയേറ്ററിൽ പോയി കാണേണ്ട സിനിമയാണ് ‘ദ പ്രീസ്്റ്റ്’. 2021 ലെ മികച്ച മെഗാ ഹിറ്റ് സിനിമയായി മാറും എന്നതിൽ യാതൊരു സംശയവുമില്ല.

Story Highlights – the priest rishiraj singh review

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here