റോഡ് സേഫ്റ്റി സീരീസ്: സ്പിൻ കുരുക്കിൽ വീണ് ദക്ഷിണാഫ്രിക്ക; ഇന്ത്യക്ക് കൂറ്റൻ ജയം

road safety india won

റോഡ് സേഫ്റ്റി സീരീസിൽ ഇന്ത്യൻ ലെജൻഡ്സിന് കൂറ്റൻ ജയം. 56 റൺസിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ടപ്പെടുത്തി 204 റൻസ് എടുത്തപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 148 റൺസെടുക്കാനേ സാധിച്ചുള്ളൂ. 48 റൺസെടുത്ത മോർണെ വാൻ വൈക്ക് ആണ് ദക്ഷിണാഫ്രിക്കയുടെ ടോപ്പ് സ്കോറർ. ഇന്ത്യക്കായി യൂസുഫ് പത്താൻ 3 വിക്കറ്റ് വീഴ്ത്തി. യുവരാജിന് രണ്ട് വിക്കറ്റുണ്ട്.

Read Also : റോഡ് സേഫ്റ്റി സീരീസ്: ഫിഫ്റ്റിയടിച്ച് സച്ചിൻ; സിക്സർ വിരുന്നൊരുക്കി യുവി: ഇന്ത്യക്ക് കൂറ്റൻ സ്കോർ

കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ആൻഡ്രൂ പുട്ടിക്കും മോർണെ വാൻ വൈക്കും ചേർന്ന് ഗംഭീര തുടക്കമാണ് നൽകിയത്. ഓപ്പണിംഗ് വിക്കറ്റിൽ ഇരുവരും ചേർന്ന് 87 റൺസ് കൂട്ടുകെട്ടുയർത്തി. 11ആം ഓവറിൽ പുട്ടിക്കിലെ (41) ക്ലീൻ ബൗൾഡാക്കിയ യൂസുഫ് പത്താൻ ഇന്ത്യക്ക് ആദ്യ ബ്രേക്ക്‌ത്രൂ നൽകി. പിന്നീട് സ്പിന്നർമാർ ദക്ഷിണാഫ്രിക്കയെ കശക്കി എറിയുകയായിരുന്നു. മോർണെ വാൻ വൈക്ക് (48), ആൽവിരോ പീറ്റേഴ്സൺ (7), സാൻഡെർ ഡി ബ്രുയിൻ (10), ലൂട്സ് ബോസ്മാൻ (0), റോജർ ടെലെമാചസ് (11), മഖായ എൻ്റിനി (1) എന്നിവർ കൃത്യമായ ഇടവേളകളിൽ പുറത്തായി. ജോണ്ടി റോഡ്സ് (22), ഗാർനറ്റ് ക്രൂഗർ (1) എന്നിവർ പുറത്താവാതെ നിന്നു.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് 204 റൺസ് നേടിയത്. 60 റൺസ് നേടിയ സച്ചിൻ തെണ്ടുൽക്കറാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. യുവരാജ് സിംഗ് (52) അവസാന ഘട്ടത്തിൽ നടത്തിയ ആക്രമണോത്സുക ബാറ്റിംഗാണ് ഇന്ത്യയെ 200 കടത്തിയത്.

Story Highlights – road safety world series india won against south africa

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top