റോഡ് സേഫ്റ്റി സീരീസ്: ഫിഫ്റ്റിയടിച്ച് സച്ചിൻ; സിക്സർ വിരുന്നൊരുക്കി യുവി: ഇന്ത്യക്ക് കൂറ്റൻ സ്കോർ

റോഡ് സേഫ്റ്റി വേൾഡ് സീരീസിൽ ഇന്ത്യൻ ലെജൻഡ്സിന് കൂറ്റൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ടപ്പെടുത്തി 204 റൺസാണ് നേടിയത്. 60 റൺസ് നേടിയ സച്ചിൻ തെണ്ടുൽക്കറാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. യുവരാജ് സിംഗ് (52) അവസാന ഘട്ടത്തിൽ നടത്തിയ ആക്രമണോത്സുക ബാറ്റിംഗാണ് ഇന്ത്യയെ 200 കടത്തിയത്.
സെവാഗിനു പകരം സച്ചിനാണ് ഇന്ന് ആക്രമിച്ച് കളിച്ചത്. നേരിട്ട ആദ്യ രണ്ട് പന്തിൽ തന്നെ ബൗണ്ടറിയടിച്ച സച്ചിൻ കത്തിക്കയറിയപ്പോൾ സെവാഗ് (6) വേഗം പുറത്തായി. രണ്ടാം വിക്കറ്റിൽ സച്ചിനൊപ്പം ബദരിനാഥ് ചേർന്നതോടെ സ്കോർബോർഡ് ചലിച്ചു. സാവധാനത്തിൽ തുടങ്ങിയ ഇരുവരും ഗിയർ മാറ്റിയതോടെ ഇന്ത്യ കുതിച്ചു. ഷബലാലയുടെ ഒരു ഓവറിൽ 20 റൺസാണ് സച്ചിൻ നേടിയത്. 30 പന്തിൽ മാസ്റ്റർ ബ്ലാസ്റ്റർ ഫിഫ്റ്റി തികച്ചു. 95 റൺസിൻ്റെ കൂട്ടുകെട്ടിനു ശേഷം സച്ചിൻ മടങ്ങി. ഏറെ വൈകാതെ ബദരിനാഥ് (42) റിട്ടയർഡ് ഹർട്ട് ആയി.
മൂന്നാം വിക്കറ്റിൽ യൂസുഫ് പത്താനും യുവരാജ് സിംഗും ഒത്തുചേർന്നു. നേരിട്ട ആദ്യ പന്തിൽ തന്നെ ബൗണ്ടറി നേടി ഇന്നിംഗ്സ് ആരംഭിച്ച യൂസുഫ് ശരവേഗത്തിൽ സ്കോർ ചെയ്തു. എന്നാൽ, 10 പന്തിൽ 23 റൺസ് നേടിയ യൂസുഫ് കൂറ്റൻ ഷോട്ടിനു ശ്രമിച്ച് പുറത്തായി. യൂസുഫ് ക്രീസിലുള്ളപ്പോൾ ടൈമിങ് കണ്ടെത്താൻ ബുദ്ധിമുട്ടിയ യുവി ബീസ്റ്റ് മോഡിലേക്ക് മാറുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. സാൻഡർ ഡി ബ്രുയിൻ്റെ ഒരു ഓവറിൽ 4 സിക്സർ നേടിയ യുവി ഇന്നിങ്സിൻ്റെ അവസാന ഓവറിൽ സിക്സർ അടിച്ച് ഫിഫ്റ്റി തികച്ചു. 21 പന്തിലായിരുന്നു യുവിയുടെ ഫിഫ്റ്റി. 6 സിക്സറുകളാണ് യുവരാജ് പറത്തിയത്. യുവി (52), ഗോണി (16) എന്നിവർ ക്രീസിൽ തുടർന്നു.
Story Highlights – road safety world series india 204 vs south africa
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here