നിലപാട് കടുപ്പിച്ച് എന്‍സിപി അജിത് പവാര്‍ വിഭാഗം; എ കെ ശശീന്ദ്രനും തോമസ് കെ തോമസും പ്രതിരോധത്തില്‍

ഇടതുമുന്നണിയിലെ രണ്ട് എംഎല്‍എമാര്‍ രാജിവെക്കേണ്ടിവരുമോ? എന്‍സിപിയില്‍ ദേശീയതലത്തിലുണ്ടായ പിളര്‍പ്പിനെ തുടര്‍ന്നുള്ള രാഷ്ട്രീയവൈരം വൈകിയാണെങ്കിലും ഇടതുമുന്നണിയെ പ്രതിസന്ധിയിലാക്കുകയാണ്. മന്ത്രി എ കെ ശശീന്ദ്രന്‍, തോമസ് കെ തോമസ് എന്നിവരാണ് അയോഗ്യതാ ഭീഷണി നേരിടുന്ന എംഎല്‍എമാര്‍.
എന്‍സിപിയില്‍ പിളര്‍പ്പുണ്ടാവുകയും അജിത് പവാറിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയുടെ ഭാഗമാവുകയും ചെയ്തതോടെ മഹാരാഷ്ട്രയില്‍ ബിജെപി ഭരണം പിടിച്ചു. തിരഞ്ഞെടുപ്പില്‍ വിജയം ആവര്‍ത്തിച്ചതോടെ എന്‍സിപി അജിത് പവാര്‍ വിഭാഗം ശക്തിപ്രാപിച്ചു. അജിത് പവാര്‍ ബിജെപി പാളയത്തിലേക്ക് നീങ്ങിയതോടെ കേരളത്തിലെ എന്‍സിപി വിഭാഗം ശരത് പവാറിനൊപ്പം ഉറച്ചുനിന്നു. അതേ കേരള ഘടകമാണ് ഇപ്പോള്‍ അയോഗ്യതാ ഭീഷണിനേരിടുന്നത്.
പിണറായി മന്ത്രിസഭയില്‍ അംഗമായ എകെ ശശീന്ദ്രന്‍, കുട്ടനാട് എംഎല്‍എ തോമസ് കെ തോമസ് എന്നിവരോട് ഉടന്‍ രാജിവെക്കാനാണ് എന്‍സിപി ഔദ്യോഗിക വിഭാഗം വര്‍ക്കിംഗ് പ്രസിഡന്റ് പ്രഫുല്‍ പട്ടേല്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പാര്‍ട്ടിയുടെ പേരും ചിഹ്നവും അനുവദിച്ചത് എന്‍സിപി അധ്യക്ഷനാണ്. പാര്‍ട്ടി ചിഹ്നത്തില്‍ തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരായ എ കെ ശശീന്ദ്രനും, തോമസ് കെ തോമസും പാര്‍ട്ടി നിര്‍ദേശം പാലിക്കാന്‍ ബാധ്യസ്ഥരാണ്. പാര്‍ട്ടിയിലെ പിളര്‍പ്പിന് ശേഷം ശരത് പവാറിനൊപ്പം നിലയുറപ്പിച്ച രണ്ട് എംഎല്‍എമാരും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നുവെന്നാണ് വര്‍ക്കിംഗ് പ്രസിഡന്റ് പ്രഫുല്‍ പട്ടേലിന്റെ ആരോപണം. അജിത് പവാര്‍ നേതൃത്വം നല്‍കുന്ന പാര്‍ട്ടിയുടെ ഭാഗമായി നിന്നാല്‍ മാത്രമേ രണ്ടുപേര്‍ക്കും എംഎല്‍എമാരായി തുടരാന്‍ കഴിയൂ.
പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന എംഎല്‍എമാരെ ആറു വര്‍ഷത്തേക്ക് അയോഗ്യരാക്കാനാണ് നീക്കം. ജൂലൈ നാലിനാണ് എന്‍സിപി ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് എ കെ ശശീന്ദ്രനും, തോമസ് കെ തോമസിനും കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്. പ്രഫുല്‍ പട്ടേലിന്റെ അപ്രതീക്ഷിത നീക്കത്തില്‍ ഞെട്ടിയിരിക്കുകയാണ് ഇരുനേതാക്കളും. പാര്‍ട്ടി അധ്യക്ഷന്‍ എന്ന നിലയില്‍ അജിത് പവാര്‍ നിലപാട് കടുപ്പിച്ചാല്‍ രണ്ട് എംഎല്‍എമാരും രാജിവെക്കേണ്ടിവരും. രാജിവച്ചില്ലെങ്കില്‍ പാര്‍ട്ടി അധ്യക്ഷന്റെ നിര്‍ദേശപ്രകാരം ആറു വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇവരെ അയോഗ്യരാക്കും. ഇത് എ കെ ശശീന്ദ്രനേയും തോമസ് കെ തോമസിനേയും രാഷ്ട്രീയമായി തകര്‍ക്കും. ഇടതുമുന്നണിയിലെ പ്രധാന ഘടകകക്ഷിയായ എന്‍സിപി എംഎല്‍എമാര്‍ സാങ്കേതികമായി അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപിയുടെ പ്രതിനിധികളായി തുടരുകയാണ്. തങ്ങള്‍ പാര്‍ട്ടി അധ്യക്ഷനെ അംഗീകരിക്കുന്നില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചാലും കൂറുമാറ്റ നിയമപ്രകാരം എംഎല്‍എ സ്ഥാനം നഷ്ടമാവും.
എന്‍സിപി അജിത് പവാര്‍ വിഭാഗത്തിന്റെ നീക്കം കേരളത്തിലെ ഇടത് മുന്നണിയേയും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ രണ്ട് എംഎല്‍എമാര്‍ രാജിവച്ചൊഴിയേണ്ടി വന്നാല്‍ ഇടതുമുന്നണിക്കും ക്ഷീണമാകും. നിയമപരമായി വിഷയത്തെ നേരിടണമെന്ന സന്ദേശമാണ് ഇടത് മുന്നണി നേതാക്കള്‍ എന്‍സിപി സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്.
എന്‍സിപിയുടെ ഔദ്യോഗിക പേരും ചിഹ്നവും അനുവദിച്ചത് അജിത് പവാര്‍ വിഭാഗത്തിനാണ്. അതിനാല്‍ അധ്യക്ഷന്റെ നിലപാട് ചട്ടപ്രകാരം തള്ളാനാകില്ല. അധ്യക്ഷനെ അംഗീകരിക്കാതെ എംഎല്‍എമാര്‍ക്ക് സ്വതന്ത്ര നിലപാട് സ്വീകരിക്കാന്‍ കഴിയില്ലെന്നിരിക്കെ അജിത് പവാര്‍ വിഭാഗത്തിന്റെ നീക്കം തിരിച്ചടിയാകും. നിലവിലെ നീക്കം തള്ളിയ എ കെ ശശീന്ദ്രനും തോമസ് കെ തോമസും പ്രഫുല്‍ പട്ടേലിന് നോട്ടീസ് നല്‍കാന്‍ അധികാരമില്ലെന്ന മറുവാദവുമായി രംഗത്തെത്തിയിരിക്കുകയാണ്. പാര്‍ട്ടി ഭരണഘടനപ്രകാരം ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് എന്നൊരു പോസ്റ്റില്ലെന്നാണ് മന്ത്രി എ കെ ശശീന്ദ്രന്റെ ആരോപണം. പാര്‍ട്ടിയുടെ അംഗീകാരം സംബന്ധിച്ചുള്ള തര്‍ക്കം കോടതിയുടെ പരിഗണനയിലാണെന്നും, കോടതിയുടെ അന്തിമ തീരുമാനം വരുന്നതുവരെ ഇക്കാര്യത്തില്‍ ഒരു നടപടിയും സ്വീകരിക്കാന്‍ കഴിയില്ലെന്നുമായിരുന്നു ശശീന്ദ്രന്റേയും തോമസ് കെ തോമസിന്റെ പ്രതികരണം.
രണ്ടു പേര്‍ക്കും എംഎല്‍എയായി തുടരണമെങ്കില്‍ ഔദ്യോഗിക വിഭാഗത്തിനൊപ്പം ചേരണം. എന്നാല്‍ കേരളത്തിലെ രണ്ട് എംഎല്‍എമാരും ശരത് പവാര്‍ നേതൃത്വം നല്‍കുന്ന പാര്‍ട്ടിക്കൊപ്പമാണെന്ന് ആവര്‍ത്തിച്ചതോടെ നടപടിയിലേക്ക് പോകാനാണ് അജിത് പവാര്‍ വിഭാഗത്തിന്റെ നീക്കം. ഒരു എംഎല്‍എ മന്ത്രിയും മറ്റൊരു എംഎല്‍എ ശരത് പവാര്‍ വിഭാഗത്തിന്റെ സംസ്ഥാന അധ്യക്ഷനുമായതിനാല്‍ നിലപാട് കടുപ്പിക്കാനാണ് സാധ്യത.
Story Highlights : NCP warns two Kerala MLAs to quit or face disqualification over anti-party activities
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here