നിമിഷപ്രിയ കേസില്‍ വഴിത്തിരിവ്; കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ താരം

യെമനില്‍ വധശിക്ഷകാത്ത് കഴിയുന്ന മലയാളിയായ നിമിഷപ്രിയയെ രക്ഷിക്കുന്നതിനുള്ള അവസാന ശ്രമത്തിലാണ് കേരളം. ഒരു ജീവന്‍ രക്ഷിക്കാനുള്ള തീവ്രശ്രമത്തിന് പിന്തുണയുമായി എത്തിയ കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുടെ ഇടപെടല്‍ പ്രതീക്ഷകള്‍ക്ക് വഴിവച്ചിരിക്കുകയാണ്. നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് താത്കാലികമായി നിര്‍ത്തിവെക്കാന്‍ യെമന്‍ ഭരണകൂടം ഉത്തരവിട്ടുകഴിഞ്ഞു. മരണത്തെ മുഖാമുഖം കണ്ടിരുന്ന നിമിഷപ്രിയയുടേയും അവരുടെ ബന്ധുക്കളുടേയും ജീവിതത്തില്‍ നേരിയൊരു പ്രകാശമാണ് കാന്തപുരത്തിന്റെ ഇടപെടലിലൂടെ ഉണ്ടായത്.
കാന്തപുരം നടത്തിയ ഇടപെടല്‍ വിജയം കാണുമോ, ഇല്ലയോ എന്നതൊന്നും വ്യക്തമല്ല. എന്നാല്‍ താത്കാലികമായൊരു വിജയം ഉണ്ടായിരിക്കുന്നുവെന്ന് വ്യക്തം.
നിമിഷപ്രിയയുടെ മോചനത്തിനായി അവരുടെ അമ്മ മുട്ടാത്ത വാതിലുകളില്ല. 2018ലാണ് നിമിഷപ്രിയയെ യെമന്‍ കോടതി വധശിക്ഷയ്ക്ക് വിധിക്കുന്നത്. ജയിലില്‍ അടക്കപ്പെട്ടതുമുതല്‍ മോചനത്തിനായുളള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നുവെങ്കിലും കൊല്ലപ്പെട്ട തലാലിന്റെ ബന്ധുക്കള്‍ ശക്തമായ നിലപാടുമായി രംഗത്തെത്തിയതോടെ വിധി പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ തയാറായില്ല. ബിസിനസ് പങ്കാളിയയായ തലാല്‍ അബ്ദുമഹ്ദി എന്ന യെമന്‍ പൗരനെ 2017ലാണ് നിമിഷപ്രിയയും കൂട്ടാളിയും ചേര്‍ന്ന് കൊലപ്പെടുത്തുന്നത്. മൃതദേഹം ഒളിപ്പിക്കുന്നതിനായി കഷണങ്ങളാക്കി വാട്ടര്‍ ടാങ്കില്‍ ഒളിച്ചുവെക്കുകയും, രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ പൊലീസിന്റെ പിടിയിലാവുകയുമായിരുന്നു.
Read Also: വിപഞ്ചികയുടെ അമ്മയുടെ ആവശ്യം അംഗീകരിച്ചു: കുഞ്ഞിന്റെ സംസ്‌കാരം മാറ്റിവച്ചു
കൊല്ലപ്പെട്ട യെമന്‍ പൗരന്റെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം (ബ്ലെഡ് മണി) നല്‍കി നിമിഷയെ മോചിപ്പിക്കാനുള്ള ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ അതൊന്നും ഫലം കണ്ടില്ല. കഴിഞ്ഞ ദിവസമാണ് നിമിഷ പ്രിയയെ തൂക്കിലേറ്റാനുള്ള നിര്‍ദേശം ഉണ്ടാവുന്നത്. ജൂലൈ 16ന് വധശിക്ഷ നടപ്പാക്കാനായിരുന്നു കോടതി നിര്‍ദേശം. വിധി നടപ്പാക്കാനായി സര്‍ക്കാര്‍ ഒരുക്കങ്ങള്‍ നടത്തുന്നതിനിടയിലാണ് നിമിഷ പ്രിയകേസ് വീണ്ടും മാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്.
ഇന്ത്യയുമായി നയതന്ത്രബന്ധങ്ങളില്ലാത്ത യെമനില്‍ രാഷ്ട്രീയ ഇടപെടല്‍ അസാധ്യമായിരുന്ന ഘട്ടത്തിലാണ് മതപണ്ഡിതനായ കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുടെ ഇടപെടല്‍ ഉണ്ടാവുന്നത്. തന്റെ ദീര്‍ഘകാലമായുള്ള സുഹൃത്തും യെമനി സൂഫി ഇസ്ലാമിക് പണ്ഡിതനുമായ ഷെയ്ഖ് ഹബീബ് ഉമര്‍ ബിന്‍ ഹാഫിസിനെ ഇതിനായി കാന്തപുരം ബന്ധപ്പെട്ടു. സര്‍ക്കാര്‍ പ്രതിനിധികളുമായി ചര്‍ച്ചനടത്താന്‍ മാത്രം ബന്ധമുള്ള പണ്ഡിതനാണ് ഹാഫിസ്.
ഉന്നത ഇടപെടല്‍ ഉണ്ടായതോടെ കൊല്ലപ്പെട്ട യുവാവിന്റെ കുടുംബവും മറ്റും മതപ്രതിനിധികളും, യെമന്‍ ഭരണകൂടവും യോഗം ചേരുകയും വിഷയം ചര്‍ച്ച ചെയ്യുകയുമായിരുന്നു. ഇതോടെയാണ് നിമിഷപ്രിയയുടെ വധശിക്ഷ തത്കാലം മാറ്റിവെക്കുന്നതിന് തീരുമാനം ഉണ്ടാകുന്നത്. കാന്തപുരത്തിന് വിധിപ്പകര്‍പ്പ് അധികൃതര്‍ അയച്ചുകൊടുക്കുകയായിരുന്നു.
മനുഷ്യന്‍ എന്ന നിലയിലാണ് താന്‍ നിമിഷപ്രിയയുടെ കേസില്‍ ഇടപെട്ടതെന്നായിരുന്നു കാന്തപുരത്തിന്റെ പ്രതികരണം. കാന്തപുരത്തിന്റെ ഇടപെടല്‍ ലക്ഷ്യം കണ്ടതോടെ അദ്ദേഹത്തെ പ്രശംസിച്ചുകൊണ്ട് നിരവധി പ്രമുഖര്‍ രംഗത്തെത്തി. താങ്കളാണ് യഥാര്‍ഥ ദൈവദൂതന്‍, മനുഷ്യന്‍ ദൈവത്തിന്റെ രൂപത്തില്‍ എത്തിയിരിക്കുന്നു എന്നിങ്ങനെ കാന്തപുരത്തെ അഭിനന്ദിച്ചുള്ള നിരവധി പോസ്റ്റുകളാണ് സോഷ്യല്‍ മീഡിയയില്‍ സ്ഥാനം നിറയുന്നത്. വാര്‍ത്താമാധ്യമങ്ങളിലേയും ഇന്നത്തെ താരം കാന്തപുരം തന്നെ.
Story Highlights : Kanthapuram’s intervention in Nimisha Priya’s case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here