പ്രതിഷേധങ്ങള്‍ താത്കാലികം; സ്ഥാനാര്‍ത്ഥി ആകാത്തവര്‍ക്ക് പാര്‍ട്ടിയുടെ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കാനുള്ള അവസരം നല്‍കുമെന്ന് രമേശ് ചെന്നിത്തല

സ്ഥാനാര്‍ത്ഥിത്വത്തെ സംബന്ധിച്ച പ്രതിഷേധങ്ങള്‍ താത്കാലികം മാത്രമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസ് 92 സീറ്റുകളിലാണ് മത്സരിക്കുന്നത്. അതില്‍ 50 ശതമാനത്തിലേറെ ചെറുപ്പക്കാരും പുതുമുഖങ്ങളുമാണ്. ഒരുകാലഘട്ടത്തിലും ഇതുപോലൊരു മാറ്റം ഉണ്ടായിട്ടില്ല. രാഹുല്‍ ഗാന്ധിയുടെ കാഴ്ചപ്പാടുകള്‍ പൂര്‍ണമായും പ്രതിഫലിപ്പിച്ചാണ് ലിസ്റ്റ് തയാറാക്കിയത്. ഈ ലിസ്റ്റിന്റെ മേന്മ കേരള രാഷ്ട്രീയത്തില്‍ വലിയ ചലനങ്ങളുണ്ടാക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഈ തെരഞ്ഞെടുപ്പ് ലിസ്റ്റ് യുവത്വമുള്ള ലിസ്റ്റാണ്. യുവത്വത്തിന്റെ പ്രസരിപ്പാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇന്നലെ പുറത്തുവിട്ട ലിസ്റ്റിലുള്ളത്. ഇത് കേരളത്തിലെ കോണ്‍ഗ്രസിന്റെ ദിശാമാറ്റത്തിന്റെ സൂചനയാണ്. പ്രഗത്ഭരായ സ്ഥാനാര്‍ത്ഥികളുമായാണ് തെരഞ്ഞെടുപ്പിലേക്ക് പോകുന്നത്. സ്വാഭാവികമായും കോണ്‍ഗ്രസ് ഒരു വലിയ പാര്‍ട്ടിയാണ്. ഒരു നിയോജക മണ്ഡലത്തില്‍ തന്നെ രണ്ടും മൂന്നും നാലും അര്‍ഹതയുള്ള സ്ഥാനാര്‍ത്ഥികളുണ്ടാകും. ഒരാളെ മാത്രമേ മത്സരിപ്പിക്കാന്‍ കഴിയൂ. മറ്റുള്ളവര്‍ക്ക് പാര്‍ട്ടിയിലെ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കാനുള്ള അവസരം നല്‍കും. മുതിര്‍ന്ന ആളുകളുടെ സേവനം പാര്‍ട്ടി ഫലപ്രദമായി വിനിയോഗിക്കും. കൂടുതല്‍ തവണ മത്സരിച്ചു എന്നത് അയോഗ്യതയല്ല. അവരുടെ സേവനവും പാര്‍ട്ടി വിവിധ തലങ്ങളില്‍ പ്രയോജനപ്പെടുത്തും.

അതുകൊണ്ട് എവിടെയെങ്കിലും പ്രതിഷേധങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് താത്കാലികം മാത്രമാണ്. ലിസ്റ്റ് ഉയര്‍ത്തിപ്പിടിക്കുന്ന വസ്തുതകള്‍ ജനങ്ങളും പ്രവര്‍ത്തകരും മനസിലാക്കും. വലിയൊരു പോരാട്ടത്തിലാണ് നമ്മള്‍. ആ പോരാട്ടം നടക്കുമ്പോള്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കണം. ചെറിയ അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവച്ച് എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം. സ്ഥാനാര്‍ത്ഥിത്വം കിട്ടാത്തവര്‍ക്ക് പാര്‍ട്ടിക്കകത്ത് അവരുടെ കഴിവുകള്‍ വിനിയോഗിക്കാനുള്ള അവസരമുണ്ടാകും. ചരിത്രപരമായ ഒരു ദൗത്യം നിര്‍വഹിക്കേണ്ട അവസരമാണ്. എല്ലാ യുഡിഎഫ് പ്രവര്‍ത്തകരും യോജിച്ച് പ്രവര്‍ത്തിക്കണം. യുഡിഎഫിന്റേതാണ് ഏറ്റവും മികച്ച ലിസ്റ്റ്. സിപിഐഎമ്മിന്റെയും ബിജെപിയുടെയും ലിസ്റ്റ് പരിശോധിച്ചാല്‍ അത് ജനങ്ങള്‍ക്ക് ബോധ്യപ്പെടുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top