ശേഷിയ്ക്കുന്ന സീറ്റുകളിലെ സ്ഥാനാർത്ഥി നിർണ്ണയം ഗ്രൂപ്പ് നിർദ്ദേശങ്ങൾക്ക് അതീതമായി കൈക്കൊള്ളാൻ ഹൈക്കമാൻഡ് നീക്കം

ശേഷിയ്ക്കുന്ന 7 സീറ്റുകളിലെ സ്ഥാനാർത്ഥി നിർണ്ണയം ഗ്രൂപ്പ് നിർദ്ദേശങ്ങൾക്ക് അതീതമായി കൈക്കൊള്ളാൻ ഹൈക്കമാൻഡ് നീക്കം. ഇനി പ്രഖ്യാപിക്കാനുള്ള 7 സീറ്റുകളിലേയ്ക്ക് അപ്രതീക്ഷിത സ്ഥാനാർത്ഥികൾ എത്തും എന്ന് സൂചനയുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിയ്ക്കുന്ന ധർമ്മടത്ത് ഒരു വനിതയെ സ്ഥാനാർത്ഥി ആക്കുന്നതിനെ കുറിച്ചും കോൺഗ്രസ് ഹൈക്കമാൻഡ് ആലോചിയ്ക്കുന്നു.
81 സ്ഥാനാർത്ഥികളുടെ പട്ടിക പ്രഖ്യാപിച്ചപ്പോൾ കോൺഗ്രസ് നേത്യത്വം പ്രഖ്യാപിച്ചത് ശേഷിയ്ക്കുന്ന പേരുകൾ അടുത്ത ദിവസം വരും എന്നായിരുന്നു. പക്ഷേ അത് സംഭവിച്ചില്ല. സംസ്ഥാന നേതൃത്വം ചില പേരുകൾ നിർദ്ദേശിച്ചെങ്കിലും ഗ്രൂപ്പ് വീതം വയ്പാണ് നടന്നത് എന്നാണ് ഹൈക്കമാൻഡിന്റെ നിരിക്ഷണം. ഇതിന്റെ അടിസ്ഥാനത്തിലാണ് പട്ടികയ്ക്ക് അനുമതി നൽകാൻ ഇന്നലെ തയ്യാറാകാതിരുന്നത്. പട്ടിക പരിഷ്ക്കരിച്ച് ശേഷിച്ച സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിയ്ക്കാനാണ് ഇപ്പോൾ ഹൈക്കമാൻഡ് ശ്രമം.
Read Also : എ ഗ്രൂപ്പിനെ അനുനയിപ്പിക്കാൻ എം.എം ഹസനും കെ.സി ജോസഫും ഇന്ന് കണ്ണൂരിലെത്തും
വനിതാ പ്രാതിനിധ്യം കുറവാണെന്ന ആക്ഷേപം പുതിയ പ്രഖ്യാപനത്തിലൂടെ കുറയ്ക്കാനാണ് ശ്രമം. വട്ടിയൂർക്കാവിൽ ജ്യോതി വിജയകുമാറിന്റെ പേരിനൊപ്പം രമണി പി നായരുടെ പേരും ഇപ്പോൾ പരിഗണിയ്ക്കുന്നുണ്ട്. പിസി വിഷ്ണുനാഥ് കുണ്ടറയിൽ മത്സരിക്കും. കൽപറ്റയിൽ ടി സിദ്ദിഖും നിലമ്പൂരിൽ വിവി പ്രകാശുമാണ് സാധ്യതാ പട്ടികയിൽ. തവനൂരിൽ സാമൂഹികപ്രവർത്തകൻ ഫിറോസ് കുന്നുംപറമ്പിലിന് പിന്നാലെ സിദ്ദിഖ് പന്താവൂരിന്റെ പേരും അന്തിമ പട്ടികയിൽ ഇടമ്പിടിച്ചു. ധർമ്മടത്ത് ഒരു വനിത അപ്രതിക്ഷിത സ്ഥാനാർത്ഥി ആയി എത്തും എന്നും രക്തസാക്ഷിയായ ഒരു കോൺഗ്രസ് പ്രവർത്തകന്റെ ബന്ധു ആകും അതെന്നും സൂചന ഉണ്ട്. ഇന്ന് തന്നെ സ്ഥാനാർത്ഥി പ്രഖ്യാപനം നടക്കാനാണ് സാധ്യത.
Story Highlights – high command will announce congress candidate list today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here