Advertisement

കല്‍പറ്റയിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നു; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുള്ളില്‍ അതൃപ്തി

March 16, 2021
Google News 1 minute Read

വയനാട്ടിലെ ഏക ജനറല്‍ സീറ്റായ കല്‍പറ്റയിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്തോറും നേതാക്കള്‍ക്കും അണികള്‍ക്കുമിടയില്‍ അതൃപ്തി പുകയുന്നു. ജില്ലയില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥി തന്നെ വേണമെന്ന മുന്‍ നിലപാട് ഡിസിസി പ്രസിഡന്റ് ആവര്‍ത്തിച്ചപ്പോള്‍ ഇനി മത്സരിക്കാനില്ലെന്നായിരുന്നു കെപിസിസി വൈസ് പ്രസിഡന്റ് കെ.സി. റോസക്കുട്ടി ടീച്ചറുടെ പ്രതികരണം. ജില്ലയ്ക്ക് പുറത്ത് നിന്നുള്ള സ്ഥാനാര്‍ത്ഥിയെയാണ് ഇന്ന് പ്രഖ്യാപിക്കുന്നതെങ്കില്‍ വലിയ പ്രതിഷേധങ്ങള്‍ പാര്‍ട്ടി നേരിടേണ്ടിവരും.

ഏറെ സസ്പെന്‍സുകള്‍ക്ക് ശേഷം ഇന്ന് കല്‍പറ്റ സീറ്റിലെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനിരിക്കെ സ്ഥാനാര്‍ത്ഥിത്വം വൈകുന്നതിലും ജില്ലയ്ക്ക് പുറത്തുനിന്നുള്ളയാളെ സ്ഥാനാര്‍ത്ഥിയാക്കിയേക്കുമെന്ന സാഹചര്യത്തിലും വ്യാപക പ്രതിഷേധങ്ങളാണ് പാര്‍ട്ടിയില്‍ അരങ്ങേറുന്നത്. ഹൈക്കമാന്‍ഡ് അംഗീകരിച്ച പട്ടികയിലും ടി. സിദ്ദിഖിന്റെ പേരിനാണ് കല്‍പറ്റയില്‍ മുന്‍തൂക്കം. എന്നാല്‍ സിദ്ദിഖ് സ്ഥാനാര്‍ത്ഥിയായി എത്തിയാല്‍ കാര്യമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നേക്കാമെന്ന സൂചനകള്‍ മുതിര്‍ന്ന നേതാക്കള്‍ തന്നെ ഇതിനോടകം നല്‍കി കഴിഞ്ഞു. ഇതിനിടെ കല്‍പറ്റയിലേക്ക് ജില്ലയില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥി തന്നെ മത്സരിക്കണമെന്ന മുന്‍ നിലപാട് ഡിസിസി പ്രസിഡന്റ് ഐ.സി. ബാലകൃഷ്ണന്‍ വീണ്ടും ആവര്‍ത്തിച്ചു.

Read Also : തര്‍ക്കം തുടരുന്ന സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാന്‍ കോണ്‍ഗ്രസില്‍ തിരക്കിട്ട നീക്കങ്ങള്‍

ഇനി മത്സരിക്കാനില്ലെന്ന് കെപിസിസി വൈസ് പ്രസിഡന്റ് കെ.സി. റോസക്കുട്ടി ടീച്ചറും പറഞ്ഞു. ജില്ലയുടെ പ്രാതിനിധ്യത്തിനായി പരമാവധി ശ്രമങ്ങള്‍ നടത്തി. ഇനി തീരുമാനം നേതൃത്വത്തിന്റേതാണെന്നും കെ.സി. റോസക്കുട്ടി പറഞ്ഞു. എല്‍ഡിഎഫ് ആദ്യഘട്ട പ്രചാരണപരിപാടികള്‍ പൂര്‍ത്തിയാക്കുന്ന തിരക്കിലാണ്. നാളെ മുഖ്യമന്ത്രി പിണറായി വിജയനും പ്രചാരണത്തിനായി ജില്ലയിലെത്തുന്നുണ്ട്. പ്രചാരണരംഗത്തേക്ക് ബിജെപി സ്ഥാനാര്‍ത്ഥി ടി.എം. സുബീഷും സജീവമായി എത്തിത്തുടങ്ങി.

Story Highlights – Kalpetta udf candidate announcement

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here