ഹർദ്ദിക് പാണ്ഡ്യയുടെ മോശം ഫോം ഇന്ത്യയെ സമ്മർദ്ദത്തിലാക്കുന്നു: റമീസ് രാജ

ഹർദ്ദിക് പാണ്ഡ്യയുടെ മോശം ഫോം ഇന്ത്യയെ സമ്മർദ്ദത്തിലാക്കുന്നു എന്ന് മുൻ പാക് താരവും കമൻ്റേറ്ററുമായ റമീസ് രാജ. പാണ്ഡ്യ ബാറ്റു കൊണ്ട് പരാജയപ്പെടുമ്പോൾ ഇന്ത്യൻ ടീം മുഴുവൻ സമ്മർദ്ദത്തിലാകും. ഹർദ്ദിക്കിനൊപ്പം ഋഷഭ് പന്ത് വേഗം പുറത്താവുന്നതും ഇന്ത്യൻ ടീമിനെ സമ്മർദ്ദത്തിലാക്കി എന്ന് അദ്ദേഹം തൻ്റെ യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ പറയുന്നു.
“ഹർദിക് പാണ്ഡ്യ ഫോമിലല്ല. കഴുത്തിനൊപ്പം ബൗൺസ് ചെയ്യുന്ന പന്തുകളാണ് ഇംഗ്ലണ്ട് പാണ്ഡ്യക്ക് നേരെ എറിയുന്നത്. അദ്ദേഹത്തിനെതിരെ ഫുൾ ബോളുകൾ എറിയരുതെന്നും സ്പിന്നർമാരെ ഉപയോഗിക്കരുതെന്നും ഇംഗ്ലണ്ടിന് അറിയാം. ഷോർട്ട് ബോളുകൾക്കെതിരെ കൂറ്റൻ ഷോട്ടുകൾ കളിക്കാൻ ഹർദ്ദിക്കിനു സാധിക്കുന്നില്ല. അദ്ദേഹം 20 പന്തിൽ 17 എടുക്കുമെന്ന് നമ്മൾ പ്രതീക്ഷിക്കുന്നില്ല. കൂറ്റൻ ഷോട്ടുകൾ കളിച്ച് എതിരാളികളെ നശിപ്പിച്ചുകളയുകയാണ് ഹർദ്ദിക് ചെയ്യാറുള്ളത്. അദ്ദേഹത്തിൻ്റെ പരാജയങ്ങൾ കാരണം, കൂറ്റൻ ഷോട്ടുകളുടെ അഭാവം കാരണം, ടീം തന്നെയാണ് പ്രതിസന്ധിയിലാവുന്നത്.”- റമീസ് രാജ പറഞ്ഞു.
“ഓപ്പണർമാർ പെട്ടെന്ന് പുറത്താവുമ്പോൾ സമ്മർദ്ദം ഉണ്ടാവും. ഇഷാൻ കിഷൻ മൂന്നാം നമ്പറിലാണ് ബാറ്റ് ചെയ്തത്. അദ്ദേഹത്തിനെതിരെ ഇംഗ്ലണ്ട് പന്തെറിഞ്ഞ രീതി മികച്ചുനിന്നു. 25 റൺസ് സ്കോർ ചെയ്തതിനു ശേഷം ഋഷഭ് പന്ത് പുറത്താവുകയാണ്. സെറ്റായതിനു ശേഷം അദ്ദേഹം പുറത്താവാൻ പാടില്ല.”- അദ്ദേഹം കൂട്ടിച്ചേർത്തു.
Story Highlights – Ramiz raja criticizes hardik pandya
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here