ഇന്ത്യയുടെ സൗഹൃദ ഫുട്ബോൾ മത്സരങ്ങൾ സംപ്രേഷണം ചെയ്യില്ലെന്ന് സ്റ്റാർ സ്പോർട്സ്; ട്വിറ്ററിൽ പ്രതിഷേധം

ഇന്ത്യൻ ഫുട്ബോൾ ടീമിൻ്റെ സൗഹൃദ മത്സരങ്ങൾ സംപ്രേഷണം ചെയ്യില്ലെന്ന സ്റ്റാർ സ്പോർട്സിൻ്റെ ട്വീറ്റിനെതിരെ കടുത്ത പ്രതിഷേധം. വേക്കപ്പ് എഐഎഫ്എഫ്, ഷേം ഓൺ സ്റ്റാർ സ്പോർട്സ് തുടങ്ങിയ ഹാഷ്ടാഗുകൾ ഉൾപ്പെടെയാണ് ആരാധകർ പ്രതിഷേധിക്കുന്നത്. ക്രിക്കറ്റിനും ഐപിഎലിനും സ്റ്റാർ സ്പോർട്സ് അമിത പ്രാധാന്യമാണ് നൽകുന്നതെന്നും ഫുട്ബോളിനെ മറന്നുകളയുകയാണെന്നും ആരാധകർ പറയുന്നു.
സൗഹൃദ മത്സരങ്ങൾ സംപ്രേഷണം ചെയ്യുമോ എന്ന ചോദ്യത്തിനോടാണ് സ്റ്റാർ സ്പോർട്സ് പ്രതികരിച്ചത്. സംപ്രേഷണാവകാശം ഇല്ലാത്തതിനാൽ മത്സരങ്ങൾ സംപ്രേഷണം ചെയ്യില്ലെന്നായിരുന്നു മറുപടി. ഒമാനും യുഎഇയ്ക്കുമെതിരെയാണ് ഇന്ത്യയുടെ സൗഹൃദ മത്സരങ്ങൾ. യുഎഇയിലാണ് മത്സരങ്ങൾ നടക്കുക. ഇവിടെത്തന്നെ നടന്ന ഐപിഎൽ മത്സരങ്ങൾ സ്റ്റാർ സ്പോർട്സ് സംപ്രേഷണം ചെയ്തു എന്നും ഫുട്ബോൾ മത്സരങ്ങൾ സംപ്രേഷണം ചെയ്യാൻ അവർ തയ്യാറാകുന്നില്ല എന്നും ട്വിറ്റർ ഹാൻഡിലുകൾ പറയുന്നു.
Read Also : രാഹുൽ ആദ്യമായി ഇന്ത്യൻ ടീം ക്യാമ്പിൽ; പരുക്കേറ്റ സഹൽ പുറത്ത്
അതേസമയം, സൗഹൃദ മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീം ദുബായിലെത്തി. കൊവിഡ് ബാധിച്ചതിനാൽ ഇതിഹാസ താരം സുനിൽ ഛേത്രി ടീമിനൊപ്പം ഇല്ല. കഴിഞ്ഞ ഐ എസ് എൽ സീസണിൽ എഫ്സി ഗോവയ്ക്ക് വേണ്ടി സൂപ്പർ സബായി ഇറങ്ങി മികച്ച പ്രകടനം നടത്തിയ ഇഷാൻ പണ്ഡിറ്റ മുന്നേറ്റത്തിൽ ബൂട്ടണിയും. മൻവീർ സിംഗ് ആണ് മറ്റൊരു സ്ട്രൈക്കർ.
ബ്ലാസ്റ്റേഴ്സ് താരം രാഹുൽ കെപി ആദ്യമായി ക്യാമ്പിൽ ഉൾപ്പെട്ടു. രാഹുലിനൊപ്പം മഷൂർ ഷരീഫും ആദ്യമായി ക്യാമ്പിൽ ഇടം പിടിച്ചു. ആഷിഖ് കുരുണിയൻ സ്ഥാനം നിലനിർത്തി. പരുക്കേറ്റ സഹൽ അബ്ദുൽ സമദിന് ഇടം ലഭിച്ചില്ല. ഐ എസ് എലിൽ നോർത്തീസ്റ്റിനായി മികച്ച പ്രകടനം നടത്തിയ വിപി സുഹൈറിനും ക്യാമ്പിലേക്ക് വിളി വന്നില്ല. ഹൈദരാബാദിൻ്റെ യുവതാരങ്ങളായ ആകാശ് മിശ്ര, യാസിർ മുഹമ്മദ്, ലിസ്റ്റൺ ഐഎസ്എലിൽ ആദ്യമായി ഹാട്രിക്ക് നേടിയ ഇന്ത്യൻ താരം എന്ന റെക്കോർഡ് സ്വന്തമാക്കിയ മുംബൈ സിറ്റിയുടെ ബിപിൻ സിംഗ് എന്നിവരൊക്കെ സ്ക്വാഡിൽ ഉണ്ട്.
Story Highlights – protest against star sports in twitter
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here