Advertisement

ശബരിമല ആചാര സംരക്ഷണത്തിനായി പ്രത്യേക നിയമം നടപ്പിലാക്കും; യുഡിഎഫ് പ്രകടന പത്രിക

March 20, 2021
Google News 0 minutes Read

ശബരിമല വിശ്വാസികളുടെ ആശങ്ക അകറ്റാന്‍ ആചാര സംരക്ഷണത്തിനായി പ്രത്യേക നിയമം നടപ്പിലാക്കുമെന്ന് വാഗ്ദാനം ചെയ്ത് യുഡിഎഫ് പ്രകടന പത്രിക. നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള യുഡിഎഫിന്റെ പ്രകടന പത്രിക പുറത്തിറക്കി. പാവപ്പെട്ട കുടുംബങ്ങള്‍ക്ക് 6000 രൂപ ഉറപ്പാക്കുന്ന ന്യായ് പദ്ധതിയാണ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം.

യുഡിഎഫിന്റെ പ്രകടന പത്രിക കഴിഞ്ഞ ഏഴ് മാസങ്ങളുടെ നിരന്തരമായ സംവാദങ്ങളുടെയും ചര്‍ച്ചകളുടെയും ഫലമായി ഉണ്ടാക്കിയതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇത് ജനങ്ങളുടെ മാനിഫെസ്റ്റോയാണ്. വിവിധ വിഭാഗം ജനങ്ങളുമായി ചര്‍ച്ച ചെയ്തശേഷം രൂപപ്പെടുത്തിയതാണ്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ മാനിഫെസ്റ്റോയിലുള്ള മുഴുവന്‍ കാര്യങ്ങളും നടപ്പിലാക്കും. ഈ മാനിഫെസ്റ്റോ ഞങ്ങളുടെ ഗീതയാണ്, ബൈബിളാണ്, ഖുറാനുമാണ്. പൂര്‍ണമായ അര്‍ത്ഥത്തില്‍ നടപ്പാക്കേണ്ട ഉത്തരവാദിത്വം യുഡിഎഫിന് ഉണ്ടാകും. ക്ഷേമ പ്രവര്‍ത്തനത്തിലൂടെയും വികസനത്തിലൂടെയും കേരളത്തെ ലോകോത്തര നിലവാരത്തിലേക്ക് എത്തിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങള്‍

  • പ്രളയംകൊണ്ടും മഹാമാരികൊണ്ട് പൊറുതിമുട്ടുന്ന സംസ്ഥാനത്തെ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് മാസം 6000 രൂപ വരെ ഉറപ്പാക്കുന്ന ന്യായ് പദ്ധതി നടപ്പാക്കും.
  • സംസ്ഥാനത്ത് അര്‍ഹരായ വ്യക്തികള്‍ക്ക് പെന്‍ഷന്‍ ഉറപ്പുനല്‍കുന്നതിനായി നടപടി സ്വീകരിക്കും. ക്ഷേമ പെന്‍ഷനുകള്‍ 3000 രൂപയാക്കും. ക്ഷേമ പെന്‍ഷന്‍ കമ്മീഷന്‍ രൂപീകരിക്കും.
  • അര്‍ഹരായവര്‍ക്കെല്ലാം പ്രയോരിറ്റി റേഷന്‍ കാര്‍ഡ് നല്‍കും.
  • എല്ലാ വെള്ള കാര്‍ഡുകാര്‍ക്കും അഞ്ചുകിലോ അരി സൗജന്യമായി നല്‍കും. അര്‍ഹരായ അഞ്ച് ലക്ഷം പേര്‍ക്ക് വീട്. ലൈഫ് പദ്ധതിയിലെ അഴിമതികള്‍ അന്വേഷിക്കും. അപാകതകള്‍ പരിഹരിച്ച് സമഗ്രമായ ഭവന പദ്ധതി നടപ്പിലാക്കും.
  • കാരുണ്യാ പദ്ധതി പുനസ്ഥാപിക്കും.
  • എസ്‌സി, എസ്ടി വിഭാഗങ്ങള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും ഭവന നിര്‍മാണത്തിനായി നീക്കിവച്ചിരിക്കുന്ന തുക ആറ് ലക്ഷമായി ഉയര്‍ത്തും
  • 40 മുതല്‍ 60 വയസ് വരെ പ്രായമുള്ള തൊഴിയില്‍ രഹിതരായ ന്യായ് പദ്ധതിയില്‍ ഉള്‍പ്പെടാത്ത അര്‍ഹരായ വീട്ടമ്മമാര്‍ക്ക് മാസം 2000 രൂപ നല്‍കും.
  • സര്‍ക്കാര്‍ ജോലികള്‍ക്ക് വേണ്ടി പരീക്ഷയെഴുതുന്ന അമ്മമാര്‍ക്ക് രണ്ട് വയസ് ഇളവ് അനുവദിക്കും.
  • പിഎസ്‌സിയുടെ സമ്പൂര്‍ണ പരിഷ്‌കരണം നടപ്പാക്കാന്‍ നിയമം കൊണ്ടുവരും. പിഎസ്‌സി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് ഓട്ടോമേറ്റഡ് സംവിധാനം നടപ്പിലാക്കും. ഒഴിവുകള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വീഴ്ച വരുത്തുന്ന വകുപ്പുകള്‍ക്കെതിരെ കര്‍ശന അച്ചടക്ക നടപടി സ്വീകരിക്കുന്നതിന് നിയമം നടപ്പാക്കും.
  • കൊവിഡ് മൂലം മരണമടഞ്ഞ പ്രവാസികള്‍ ഉള്‍പ്പെടെയുള്ള അര്‍ഹരായവര്‍ക്ക് ധനസഹായം നല്‍കും. കൊവിഡ് ദുരന്ത നിവാരണ കമ്മീഷന്‍ രൂപീകരിക്കും. കൊവിഡ് മൂലം തകര്‍ന്ന കേരളത്തെ പുനരുദ്ധരിക്കാന്‍ പാക്കേജ് ലഭ്യമാക്കും. തൊഴില്‍ രഹിതരായ ഒരു ലക്ഷം യുവതീ യുവാക്കള്‍ക്ക് ഇരുചക്ര വാഹന സബ്‌സിഡി. ഓട്ടോ ടാക്‌സി തൊഴിലാളികള്‍ക്ക് 5000 രൂപ ലഭ്യമാക്കും. കൊവിഡ് ഹോസ്പിറ്റലുകള്‍ സ്ഥാപിക്കും.
  • ശബരിമല വിശ്വാസികളുടെ ആശങ്ക അകറ്റാന്‍ ആചാര സംരക്ഷണത്തിനായി പ്രത്യേക നിയമം നടപ്പിലാക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here