അസമിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തെ വഴിതിരിച്ച് വിടാൻ പ്രധാനമന്ത്രി ശ്രമിക്കുന്നു: പ്രിയങ്കാ ഗാന്ധി

അസമിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തെ വഴിതിരിച്ച് വിടാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രമിക്കുന്നതായി പ്രിയങ്കാഗാന്ധി. അസമിലെ അടിസ്ഥാന പ്രശ്നങ്ങളൊന്നും പരാമർശിക്കാതെ ടൂൾകിറ്റിനെക്കുറിച്ചാണ് അദ്ദേഹം പ്രസംഗിച്ചത്. വെറും 22 കാരിയായ ദിഷ രവിയടക്കമുള്ളവർ അസമടക്കമുള്ള വടക്ക് കിഴക്കൻ മേഖലയെ ഭീകരവാദ പ്രവർത്തന മേഖലയാക്കിയെന്ന രീതിയിൽ പ്രധാനമന്ത്രി പ്രസംഗിച്ചത് അസംബന്ധമാണെന്നും പ്രിയങ്ക അസമിൽ പറഞ്ഞു.
ടൂൾകിറ്റുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി ഇന്നലെ നടത്തിയ പരാമർശങ്ങൾക്ക് അതേനാണയത്തിൽ തിരിച്ചടി നൽകുന്നതായിരുന്നു പ്രിയങ്കയുടെ ഇന്നത്തെ മറുപടി. 22 വയസുള്ള പെൺകുട്ടി അസമിലെ ചായയെ അപകീർത്തിപ്പെടുത്താനും നശിപ്പിക്കാനും ശ്രമിച്ചെന്ന വാദം ബാലിശമാണ്. സുപ്രധാന വിഷയങ്ങളിൽനിന്നും ശ്രദ്ധ തിരിക്കാനുള്ളശ്രമമാണ് പ്രധാനമന്ത്രി അസമിൽ നടത്തിയത്. ജനങ്ങളുടെ നിത്യജീവിതത്തെ ബാധിക്കുന്ന പ്രശ്നങ്ങളൊന്നും കാണാൻ പ്രധാനമന്ത്രി തയ്യാറായില്ല. അസമിലെ വെള്ളപ്പൊക്കവും പൗരത്വ ഭേദഗതി നിയമവും പരാമർശിക്കാതിരുന്നത് ബോധപൂർവമാണ്. രാജ്യത്തുടനീളമുള്ള യുവാക്കൾ, തൊഴിലാളികൾ, കർഷകർ എന്നിവരെ ബിജെപി വഞ്ചിക്കുകയാണ്. പ്രധാനമന്ത്രി എപ്പോഴെങ്കിലും ഒരു തേയിലത്തോട്ടം സന്ദർശിച്ചിട്ടുണ്ടോയെന്നും അവിടെയുള്ള വനിതാ തൊഴിലാളികളെ കണ്ടിട്ടുണ്ടോയെന്നും പ്രിയങ്ക ചോദിച്ചു. അസമിൽ ജോർഹത്ത്, നസീറ, ഖുംതായ് എന്നിവിടങ്ങളിലായിരുന്നു പ്രിയങ്കാഗാന്ധിയുടെ ഇന്നത്തെ പ്രചാരണം.
Story Highlights- priyanka gandhi criticizes narendra modi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here