ഐപിഎൽ ടീം അവലോകനം; പഞ്ചാബ് കിംഗ്സ്

ipl team punjab kings

റൈസിംഗ് പൂനെ സൂപ്പർ ജയൻ്റ്സ് പേരുമാറ്റി റൈസിംഗ് പൂനെ സൂപ്പർ ജയൻ്റ് എന്ന പേരിൽ എത്തുന്നു. അക്കൊല്ലം ഫൈനൽ കളിക്കുന്നു. ഡൽഹി ഡെയർഡെവിൾസ് പേരുമാറ്റി ഡൽഹി ക്യാപിറ്റൽസ് എന്നാക്കുന്നു. അക്കൊല്ലം പ്ലേഓഫിലും അടുത്ത കൊല്ലം ഫൈനലിലും കളിക്കുന്നു. അങ്ങനെയെങ്കിൽ നമുക്കും ഒന്ന് പേരുമാറ്റിക്കളയാമെന്ന് കിംഗ്സ് ഇലവൻ പഞ്ചാബ്. 11 പേർക്കേ കളിക്കാൻ കഴിയൂ എന്ന തിരിച്ചറിവ് ഇപ്പോൾ ഉണ്ടായിട്ടാണോ ആവോ ആ പതിനൊന്ന് എടുത്തുകളഞ്ഞ് പഞ്ചാബ് എത്തുകയാണ്. പുതിയ പേര് പഞ്ചാബ് കിംഗ്സ്.

കോർ ടീം മാത്രം നിലനിർത്തിയതുകൊണ്ട് തന്നെ ഫ്രാഞ്ചൈസിയുടെ കൈവശം വീശി എറിയാൻ കാശുണ്ടായിരുന്നു. രണ്ട് പേസർമാർക്കായി അവർ മുടക്കിയത് 22 കോടി രൂപയാണ്. ഝൈ റിച്ചാർഡ്സണ് 14 കോടിയും റൈലി മെരെഡിത്തിന് 8 കോടിയും. നല്ല പേസർമാർ തന്നെയാണ്. ടി-20 അനുഭവസമ്പത്തുമുണ്ട്. പക്ഷേ, ഇത്ര ഭീമമായ തുക നൽകാൻ മാത്രമുണ്ടോ എന്നതാണ് ചോദ്യം.

തമിഴ്നാട് താരം ഷാരൂഖ് ഖാൻ ആണ് വളരെ മികച്ച പർച്ചേസ്. 5.25 കോടി രൂപയ്ക്കാണ് ഷാരൂഖിനെ ടീമിൽ എത്തിച്ചതെങ്കിലും ആ തുകയ്ക്ക് അനുസരിച്ചുള്ള പ്രകടനം കാണാനാവുമെന്നാണ് കരുതുന്നത്. ലോവർ ഓർഡറിലെ ബാറ്റിംഗ് വെടിക്കെട്ടുകൾക്കായി കാത്തിരിക്കുക. മോയിസസ് ഹെൻറിക്കസും യൂട്ടിലിറ്റി ക്രിക്കറ്ററാണ്. മുൻപ് ഐപിഎൽ കളിച്ചിട്ടുമുണ്ട്. ഡേവിഡ് മലാൻ ആണ് സർപ്രൈസ് ആയത്. അടിസ്ഥാന വില ആയ 1.50 കോടി രൂപയ്ക്ക് മലാനെ സ്വന്തമാക്കിയത് അക്ഷരാർത്ഥത്തിൽ ഒരു മോഷണമായിരുന്നു. ഇന്ത്യയിൽ ഫോമാവാനിടയില്ല എന്ന ചില അടക്കം പറച്ചിലുകളുണ്ട്. ആ അടക്കം പറച്ചിലുകൾ ഇന്ത്യക്കെതിരായ അവസാന ടി-20യിൽ മലാൻ അടിച്ചുപറത്തുകയും ചെയ്തു. എന്തായാലും കാത്തിരുന്ന് കാണാം.

ഫേബിയൻ അലൻ, ജലജ് സക്സേന, ഉത്കർഷ് സിംഗ്, സൗരഭ് കുമാർ എന്നിവരാണ് പഞ്ചാബിലെത്തിയ മറ്റ് താരങ്ങൾ. ഫേബിയൻ അലൻ ഒരു പക്കാ ടി-20 താരമാണ്. ലോവർ ഓർഡറിലെ വെടിക്കെട്ടും ഉപകാരപ്രദമായ ലെഫ്റ്റ് ആം ഓർത്തഡോക്സ് ബൗളിംഗും. വില വെറും 75 ലക്ഷം രൂപ. അതും പഞ്ചാബിന് ലോട്ടറിയാണ്. കേരളാ ക്രിക്കറ്റ് ശ്രദ്ധിക്കുന്നവർക്കറിയാം, ജലജ് സക്സേനയെപ്പറ്റി. മൂന്ന് ഫോർമാറ്റുകളിലും ജലജിൻ്റെ സാന്നിധ്യം കേരളത്തിൻ്റെ പ്രകടനങ്ങളിൽ നിർണായക സ്വാധീനം ചെലുത്തിയിട്ടുണ്ട്. ടി-20യുടെ വേഗതയ്ക്കനുസരിച്ച് ബാറ്റിംഗ് ഇല്ലെന്ന് വാദിക്കാമെങ്കിലും ഇന്നിംഗ്സിൽ എവിടെ വേണമെങ്കിലും ഉപയോഗിക്കാവുന്ന ഓഫ് ബ്രേക്ക് ബൗളിംഗ് മാറ്റിനിർത്താനാവില്ല. ഉത്കർഷ് സിംഗും സൗരഭ് കുമാറും മികച്ച താരങ്ങളാണ്. ഉത്കർഷ് ഓൾറൗണ്ടർ ടാഗിനോടും സൗരഭ് ലെഫ്റ്റ് ആം ഓർത്തഡോക്സ് ടാഗിനോടും നീതി പുലർത്തുന്ന പ്രകടനങ്ങളാണ് ആഭ്യന്തര ക്രിക്കറ്റിൽ ചെയ്തുകൊണ്ടിരിക്കുന്നത്.

ക്രിസ് ഗെയിൽ, നിക്കോളാസ് പൂരാൻ, ക്രിസ് ജോർഡൻ. മൂന്ന് വിദേശികൾ ഫൈനൽ ഇലവനിൽ ഉറപ്പ്. നാലാമനായി ആരെ കളിപ്പിക്കും? മലാനോ? അങ്ങനെയെങ്കിൽ കോടികളെറിഞ്ഞ് വാങ്ങിയ റിച്ചാർഡ്സണും മെരെഡിത്തും എന്ത് ചെയ്യും? അവരെ കളിപ്പിച്ചാൽ മലാനെ പുറത്തിരുത്തണം. ഇതിനിടയിൽ മോയിസസ് ഹെൻറിക്കസ് ഉണ്ട്. എന്തായാലും ചില മികച്ച താരങ്ങൾ ബെഞ്ച് വാം ചെയ്യും.

ആദ്യ മത്സരങ്ങളിലെ സാധ്യതാ ടീം

കെ എൽ രാഹുൽ
മായങ്ക് അഗർവാൾ
ക്രിസ് ഗെയിൽ/ഡേവിഡ് മലാൻ
നിക്കോളാസ് പൂരാൻ
ദീപക് ഹൂഡ/പ്രഭ്സിമ്രാൻ സിംഗ്
ഷാരൂഖ് ഖാൻ
ഉത്കർഷ് സിംഗ്/ജലജ് സക്സേന
ക്രിസ് ജോർഡൻ
ഝൈ റിച്ചാർഡ്സൺ/മോയിസസ് ഹെൻറിക്കസ്
രവി ബിഷ്ണോയ്
മുഹമ്മദ് ഷമി

Story Highlights- ipl team analysis punjab kings

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top