ഇരട്ട വോട്ട് ഉള്ളവരുടെ വോട്ടുകൾ മരവിപ്പിക്കണം; ഹൈക്കോടതിയെ സമീപിച്ച് രമേശ് ചെന്നിത്തല

ഇരട്ട വോട്ട് ആരോപണത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചു. ഇരട്ട വോട്ട് ഉള്ളവരുടെ വോട്ടുകൾ മരവിപ്പിക്കണം എന്നാണ് പ്രതിപക്ഷ നേതാവിന്‍റെ ആവശ്യം. ഇരട്ട വോട്ട് ഉള്ളവരെ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അനുവദിക്കരുതെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
ഇരട്ടവോട്ട് സത്യമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പോലും അംഗീകരിച്ച പശ്ചാത്തലത്തിലാണ് രമേശ് ചെന്നിത്തലയുടെ നീക്കം. ഈ വിഷയത്തിൽ താൻ പലതവണ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു എന്നും ഇതുവരെ നടപടിയൊന്നും ഉണ്ടായില്ലെന്നും ചെന്നിത്തല പറഞ്ഞു. ഇരട്ട വോട്ട് ഉള്ളവരുടെ വോട്ടുകൾ മരവിപ്പിക്കണമെന്നും ഇവരെ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അനുവദിക്കരുതെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പ്രതിപക്ഷ നേതാവ് ആവശ്യപ്പെടുന്നു. നീതിപൂര്‍വ്വമായ തെരഞ്ഞെടുപ്പ് നടത്താന്‍ കോടതി ഇടപെടല്‍ അനിവാര്യമാണ്. നിയമവിരുദ്ധ നടപടിയാണ് വോട്ടര്‍ പട്ടിക തയ്യാറാക്കലുമായി ബന്ധപ്പെട്ട് നടന്നത്. ഇതിന് കൂട്ട് നിന്ന ഉദ്യോഗസ്ഥർക്കെതിരെ പ്രോസിക്യൂഷൻ നടപടി വേണമെന്നും ചെന്നിത്തല ആവശ്യപ്പെടുന്നു.
Read Also : ഇരട്ടവോട്ട് ആരോപണം പരിശോധിക്കാൻ ജില്ലാ കളക്ടർമാർക്ക് നിർദേശം
അതേസമയം, അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചതിനാൽ പട്ടികയിൽ ഇനി മാറ്റം വരുത്താനാകില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കുന്നത്. പകരം ഇരട്ടവോട്ടർമാരുടെ പ്രത്യേക പട്ടിക തയ്യാറാക്കും. പോളിംഗ് ഉദ്യോഗസ്ഥർക്കും രാഷ്ട്രീയപ്പാർട്ടികൾക്കും ഇത് കൈമാറും. ഇരട്ടവോട്ടുള്ളവരെ നേരിട്ട് ഉദ്യോഗസ്ഥർ കാണുകയും ഒരുസ്ഥലത്ത് മാത്രമേ വോട്ട് ചെയ്യാവൂ എന്ന നിർദ്ദേശം നൽകും. കയ്യിലെ മഷി പൂർണ്ണമായും ഉണങ്ങിയശേഷം മാത്രമേ ഇരട്ടവോട്ടുള്ളവരെ പോളിംഗ് ബൂത്തിൽ നിന്നും പോകാൻ അനുവദിക്കൂ എന്നും കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.
Story Highlights- ramesh chenithala approached high court over fraudulent vote
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here