ഇ.ഡിക്കെതിരായ ജുഡീഷ്യൽ അന്വേഷണം നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശയെന്ന് വി. മുരളീധരൻ

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരായ ജുഡീഷ്യൽ അന്വേഷണം നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശയെന്ന് കേന്ദ്രസഹമന്ത്രി വി. മുരളീധരൻ. കേന്ദ്രസർക്കാർ ഏജൻസികളെ ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കരുതെന്ന് വി. മുരളീധരൻ പറഞ്ഞു.
തെറ്റ് ചെയ്തില്ലെങ്കിൽ തോമസ് ഐസകിന് എന്തിനാണ് പരിഭ്രാന്തിയെന്ന് വി. മുരളീധരൻ ചോദിച്ചു. ഉദ്യോഗസ്ഥർക്കില്ലാത്ത പരാതി തോമസ് ഐസകിന് ഉണ്ടെങ്കിൽ എന്തോ മറച്ചുവയ്ക്കാനുണ്ടെന്ന് മുരളീധരൻ പറഞ്ഞു.
എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ അന്വേഷണം നടത്താൻ മന്ത്രിസഭായോഗത്തിലാണ് തീരുമാനമായത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെ ഉത്തരവ് ഇറക്കാനാണ് തീരുമാനിച്ചത്. മുഖ്യമന്ത്രിയുടെ പേര് പറയാൻ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌നയ്ക്ക് മേൽ ഇ.ഡി സമ്മർദം ചെലുത്തിയെന്ന ആരോപണം അന്വേഷിക്കും. സ്വപ്‌നയുടെ ശബ്ദരേഖയും ഗൂഢാലോചനയും അന്വേഷണ പരിധിയിൽ വരും. ജസ്റ്റിസ് വി. കെ മോഹനനായിരിക്കും അന്വേഷണ കമ്മീഷൻ.
സ്വർണക്കടത്ത് കേസ് അന്വേഷണം വഴി തിരിച്ചു വിടാൻ ഇ.ഡി ശ്രമിച്ചുവെന്നാണ് ആരോപണം. മുഖ്യമന്ത്രിയുടെ പേര് പറയാൻ സ്വപ്നയെ നിർബന്ധിച്ചുവെന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ മൊഴി പുറത്തുവന്നതിന് പിന്നാലെ ഇ.ഡിക്കെതിരെ കേസെടുത്തിരുന്നു.
Story Highlights-Enforcement directorate, V muraleedharan, judicial investigation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here