സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രമേശ് ചെന്നിത്തല; കരിഞ്ചന്തക്കാരന്റെ മനസാണ് സര്‍ക്കാരിന്

സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കരിഞ്ചന്തക്കാരന്റെ മനസാണ് സര്‍ക്കാരിന്. കുട്ടികളുടെ ഭക്ഷണം വെച്ച് സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ ഉള്ളതിനാല്‍ ഏപ്രില്‍ ആറിന് ശേഷം അരി വിതരണം നടത്തണമെന്നാണ് താന്‍ പറഞ്ഞത്. അതല്ലാതെ കുട്ടികള്‍ക്ക് അരി നല്‍കരുതെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് ആലപ്പുഴയില്‍ പറഞ്ഞു.

അതിനിടെ, സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം അടുത്ത മാസത്തേയ്ക്ക് നീട്ടി. വിഷു, ഈസ്റ്റര്‍ ആഘോഷങ്ങളോട് അനുബന്ധിച്ചു സൗജന്യ കിറ്റ് വിതരണമാണ് അടുത്ത മാസം ഒന്നിലേയ്ക്ക് നീട്ടിയത്. മഞ്ഞ, പിങ്ക് കാര്‍ഡ് ഉടമകള്‍ക്ക് ഈ മാസം 31 ന് മുന്‍പ് കിറ്റ് വിതരണം ചെയ്യാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. ഇതിന് ശേഷം അടുത്ത മാസം ആദ്യ ആഴ്ചയോടെ നീല, വെള്ള കാര്‍ഡുകാര്‍ക്കും കിറ്റ് വിതരണം ചെയ്യാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഇടപെടല്‍ ഉണ്ടായതോടെ കിറ്റ് വിതരണം നീട്ടുകയായിരുന്നു.

തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുന്‍പ് കിറ്റ് വിതരണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തീരുമാനമെടുക്കുകയും ഉത്തരവ് ഇറക്കുകയും ചെയ്തിരുന്നു. എന്നാല്‍ അരി എത്തുന്നതില്‍ കാലതാമസം ഉണ്ടായി. ഇതോടെ വിതരണം വൈകി. പിന്നീട് വിതരണാനുമതി തേടി സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചെങ്കിലും വിതരണത്തിന് വിലക്കേര്‍പ്പെടുത്തുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top