കല്പറ്റയിൽ പ്രചരണത്തിനായി സിനിമാപ്രവർത്തകരെ എത്തിച്ച് എൽഡിഎഫും എൻഡിഎയും

കല്പറ്റയിൽ പ്രചരണത്തിനായി സിനിമാപ്രവർത്തകരെ എത്തിച്ച് എൽഡിഎഫും എൻഡിഎയും. കല്പറ്റ എൽഡിഎഫ് സ്ഥാനാർത്ഥി എംവി ശ്രേയാംസ് കുമാറിന്റെ പ്രകടനപത്രിക സംവിധായകൻ രഞ്ജിത്ത് പ്രകാശനം ചെയ്തു. എൻഡിഎ സ്ഥാനാർത്ഥിക്ക് വേണ്ടി നടൻ ദേവനാണ് മണ്ഡലത്തിലെത്തിയത്. അടുത്തയാഴ്ച യുഡിഎഫിന് വേണ്ടി രാഹുൽഗാന്ധിയും പ്രചാരണരംഗത്ത് എത്തും.
എൽഡിഎഫിന്റെ പ്രകടനപത്രിക സംവിധായകൻ രഞ്ജിത്ത് നടൻ അബൂ സലീമിന് നൽകിയാണ് പ്രകാശനം ചെയ്തത്. എല്ലാവർക്കും വീട്, കുടിവെളളം, തൊഴിലവസരം എന്നിവ ഉറപ്പ് നൽകുന്നതാണ് പ്രകടനപത്രിക. കല്പറ്റ മണ്ഡലം എംവി ശ്രേയാംസ് കുമാറിന്റെ വിജയം ആഗ്രഹിക്കുന്നുണ്ടെന്നും സിറ്റിംഗ് എംഎൽഎ പുതിയ സ്ഥാനാർത്ഥിക്ക് വേണ്ടി വോട്ടഭ്യർത്ഥിക്കുന്ന മാന്യതയുടെ രാഷ്ട്രീയം മറ്റെവിടേയും കാണാനാകില്ലെന്നും സംവിധായകൻ രഞ്ജിത്ത് പറഞ്ഞു.
എൻഡിഎ സ്ഥാനാർത്ഥി ടിഎം സുബീഷിന്റെ പ്രചരണത്തിന് നടൻ ദേവൻ കല്പറ്റയിലെത്തി. പ്രവർത്തർക്കും സ്ഥാനാർത്ഥിക്കുമൊപ്പം നഗരം ചുറ്റിയ ദേവൻ ബിജെപിയുടെ വിജയപ്രതീക്ഷകളെക്കുറിച്ച് മനസ്സ് തുറന്നു.
പ്രചാരണങ്ങളുടെ അവസാന ലാപ്പിൽ എല്ലാ മുന്നണികളുടേയും മുതിർന്ന നേതാക്കൾ പ്രചരണങ്ങൾക്കായി മണ്ഡലത്തിലെത്തുന്നുണ്ട്. ജില്ലയിലെ മൂന്ന് യുഡിഎഫ് സ്ഥാനാർത്ഥികളുടേയും പ്രചാരണം നയിക്കാൻ രാഹുൽ ഗാന്ധി അടുത്തയാഴ്ച ജില്ലയിലെത്തും.
Story Highlights- LDF and NDA bring filmmakers to campaign in Kalpetta
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here