Advertisement

ലോകത്തെ വീണ്ടും അത്ഭുതപ്പെടുത്തി ചൈന; നാലു വർഷം കൊണ്ടൊരു ഡാം

March 30, 2021
2 minutes Read

വളരെ വേഗത്തിൽ നിർമിതികൾ പൂർത്തിയാക്കി ലോകത്തെ ഞെട്ടിക്കുന്ന പതിവ് ചൈന തുടരുകയാണ്. ഇത്തവണ ലോകത്തിലെ ഏറ്റവും വലിയ ആർച്ച് ഡാം വെറും 4 വർഷം കൊണ്ട് നിർമ്മിച്ചാണ് ചൈന റെക്കോർഡ് ഇട്ടിരിക്കുന്നത്. വേഗത്തിൽ ഈ ഡാം നിർമ്മിക്കാൻ സാറ്റലൈറ്റുകളും നിർമിത ബുദ്ധിയും 4 ജി സാങ്കേതിക വിദ്യയുമൊക്കെയാണ് ചൈന ഉപയോഗിച്ചിരിക്കുന്നത്.

യാങ്സി നദിയുടെ പോഷക നദിയായ ജിങ്ഷാജിയാങ് നദിക്ക് കുറുകെയാണ് 300 മീറ്റർ(985 അടി ) ഉയരത്തിൽ ചൈന ബൈട്ടൻ ഡാം നിർമ്മിച്ചിരിക്കുന്നത്. ഇതിനായി ഏകദേശം 80 ലക്ഷം ക്യൂബിക് മീറ്റർ കോൺക്രീറ്റാണ് ഉപയോഗിച്ചിരിക്കുന്നത്. ഏതാണ്ട് 2000 കിലോമീറ്റർ ചുറ്റളവിൽ ഈ ജലവൈദ്യുത പദ്ധതി കൊണ്ടുള്ള ഊർജം ലഭിക്കുമെന്നാണ് ചൈനീസ് സർക്കാരിന്റെ കണക്കുകൂട്ടൽ.

വലുപ്പത്തിനൊപ്പം ഡാമിന്റെ പണി പൂർത്തിയായ വേഗവുമാണ് ലോകത്തെ അമ്പരിപ്പിക്കുന്നത്. പ്രത്യേകിച്ച് ഒറ്റപ്പെട്ട ചെങ്കുത്തായ മേഖലയിൽ നടന്ന നിർമ്മാണം എങ്ങനെ ഇത്രയും വേഗം സാധ്യമായതെന്നാണ് ചോദ്യം. ലോകത്ത് ഇന്നേവരെ നടന്നിട്ടുള്ളതിൽവെച്ച് ഏറ്റവും വെല്ലുവിളി നിറഞ്ഞ ജല വൈദ്യുത പദ്ധതിയുടെ നിർമ്മാണമിതെന്നാണ് സിചുവൻ സർവകലാശാലയിലെ പ്രൊഫ.ഡെങ്ചിയാൻഹൂയി പറയുന്നത്.

ഏതാണ്ട് 170 ബില്യൺ യൂവാനാണ് (1.90 ലക്ഷം കോടി രൂപ ) ഈ പടുകൂറ്റൻ ഡാമിനായി ചൈന ചെലവിട്ടത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഈ വർഷം ജൂലൈ ഒന്ന് മുതൽ ഇവിടെ നിന്നും ജലവൈദ്യുതി ഉത്പാദനം തുടങ്ങുമെന്നാണ് ചൈന അറിയിച്ചിട്ടുള്ളത്. പ്രതിവർഷം 62 ടെറാവാട്ട് മണിക്കൂർ വൈദ്യുതിയാണ് ഇവിടെ നിന്നും ഉത്പാദിപ്പിക്കപ്പെടുക. ഇത് ചൈനയുടെ കാർബൺ പുറംന്തള്ളൽ 52 ദശലക്ഷം ടൺ കുറക്കാനും സഹായിക്കും.

അതുപോലെ തന്നെ, ബൈട്ടൻ ഡാം വിവാദങ്ങൾക്ക് അതീതമാണ്. ഏതാണ്ട് ഒരു ലക്ഷത്തോളം പേരെയാണ് ഈ ഡാമിന്റെ നിർമ്മാണത്തിനായി കുടിയൊഴിപ്പിച്ചത്. പ്രദേശത്തെ ജീവജാലങ്ങളുടെ ആവാസവ്യവസ്ഥ തകിടം മറിയുമെന്നും പരിസ്തിഥി വാദികൾ ആശങ്കപ്പെടുന്നുണ്ട്. ചൈനയുടെ ഏറ്റവും വലിയ നദിയായ യാങ്സിയുടെ പോഷക നദിയിലാണ് ഡാം കെട്ടിയിരിക്കുന്നത്. ഇത് യാങ്‌സിയുടെ മൽസ്യസമ്പത്തിന് പോലും ദോഷകരമാകാം. അതുമാത്രമല്ല ഏറ്റവും വലിയ ആശങ്ക അതിവേഗത്തിൽ ഡാം നിർമ്മാണം പൂർത്തിയാക്കാനുള്ള ശ്രമം ഡാമിന്റെ സുരക്ഷയെ ബാധിക്കുമോ എന്നാണ്.

Story Highlights: China Built The World’s Largest Arch Dam Just 4 Years, Baihetan Dam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top