പൂജാര പഴയ പൂജാരയല്ല; അനായാസം സിക്സർ ഷോട്ടുകളുമായി താരം: വിഡിയോ

ചെന്നൈ സൂപ്പർ കിംഗ്സ് പരിശീലന ക്യാമ്പിൽ ചേതേശ്വർ പൂജാരയുടെ സിക്സർ വിരുന്ന്. പേസർമാർക്കെതിരെയും സ്പിന്നർമാർക്കെതിരെയും അനായാസം കൂറ്റൻ ഷോട്ടുകൾ കളിക്കുന്ന പൂജാരയുടെ വിഡിയോ ഒരു ട്വിറ്റർ ഹാൻഡിലാണ് പുറത്തുവിട്ടത്. വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
പൊതുവേ ടെസ്റ്റ് ബാറ്റ്സ്മാൻ എന്നറിയപ്പെടുന്ന പൂജാര ബാറ്റിംഗ് സ്റ്റാൻഡ്സിൽ മാറ്റം വരുത്തിയാണ് ഐപിഎലിനായി തയ്യാറെടുക്കുന്നത്. അല്പം കൂടി തുറന്ന സ്റ്റാൻഡ്സും ഉയർന്ന ബാക്ക്‌ലിഫ്റ്റും പൂജാര സ്വീകരിച്ചിട്ടുണ്ട്. സുരക്ഷിത ക്രിക്കറ്റിൻ്റെ വക്താവായ പൂജാര സാധാരണയായി താഴ്ന്ന ബാക്ക്ലിഫ്റ്റും ക്ലോസ്ഡ് സ്റ്റാൻഡ്സുമാണ് സ്വീകരിക്കാറുള്ളത്. ഇതുവഴി ശരീരത്തോട് ചേർത്ത് ഷോട്ടുകൾ കളിക്കാനും അതുവഴി പുറത്താവാനുള്ള സാധ്യത കുറയ്ക്കാനും അദ്ദേഹത്തിനു കഴിയുന്നു. എന്നാൽ, ടി-20യിൽ അതിനല്ല, എത്രയും വേഗം റൺസ് നേടുക എന്നതിനാണ് പ്രാധാന്യം എന്ന വസ്തുത കണക്കിലെടുത്താണ് ടെക്നിക്കിൽ മാറ്റം വരുത്തിയിരിക്കുന്നത്.
ദീപക് ചഹാറിനെതിരെ ഡീപ് മിഡ്‌വിക്കറ്റിലൂടെ സിക്സർ നേടുന്ന പൂജാര കരൺ ശർമ്മയെ ലോംഗ് ഓണിലൂടെ ഗാലറിയിലെത്തിക്കുന്നു. സ്പിന്നർക്കെതിരെ സ്റ്റെപ്പൗട്ട് ചെയ്തും പേസർക്കെതിരെ ഡീപ് കവറിലൂടെയും അദ്ദേഹം സിക്സർ ഷോട്ടുകൾ കളിക്കുന്നുണ്ട്.
ലേലത്തിൽ ചേതേശ്വർ പൂജാരയെ അടിസ്ഥാന വിലയായ 50 ലക്ഷം രൂപയ്ക്കാണ് ചെന്നൈ ടീമിലെത്തിച്ചത്. 2014ലാണ് അദ്ദേഹം അവസാനമായി ഐപിഎലിൽ കളിച്ചത്. കിംഗ്സ് ഇലവൻ പഞ്ചാബിനു വേണ്ടി മുംബൈ ഇന്ത്യൻസിനെതിരെ വാംഖഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അദ്ദേഹം 18 പന്തുകളിൽ 19 റൺസെടുത്ത് പുറത്താവുകയായിരുന്നു. 2010ൽ കൊൽക്കത്ത നൈറ്റ് റൈഡേസ്ഴ്സിനു വേണ്ടി ഐപിഎൽ കരിയർ ആരംഭിച്ച പൂജാര റോയൽ ചലഞ്ചേഴ്സിൽ മൂന്ന് സീസൺ കളിച്ചു. 2014ൽ കിംഗ്സ് ഇലവൻ പഞ്ചാബിൽ കളിച്ച താരത്തെ ആ സീസണു ശേഷം ഫ്രാഞ്ചൈസി റിലീസ് ചെയ്യുകയായിരുന്നു.
Story Highlights: cheteswar pujara training in csk camp
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here