Advertisement

ഇരട്ട വോട്ട്; വിശദാംശങ്ങള്‍ പുറത്തുവിട്ടതില്‍ വിവരച്ചോര്‍ച്ചയില്ല: രമേശ് ചെന്നിത്തല

April 1, 2021
Google News 1 minute Read
lathika subhash closed chapter says ramesh chennithala

ഇരട്ട വോട്ട് ആരോപണത്തില്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടതില്‍ വിവരച്ചോര്‍ച്ചയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വോട്ടര്‍പ്പട്ടികയിലെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കുകയാണ് ചെയ്തത്. എടുത്തുനല്‍കിയത് ആര്‍ക്കും എവിടെ നിന്നും ലഭിക്കാവുന്ന ഡാറ്റയാണ്. പരസ്യ വിവരങ്ങള്‍ സെന്‍സിറ്റീവ് ഡേറ്റയായി കണക്കാക്കാന്‍ കഴിയില്ല. ഡേറ്റാ ചോര്‍ച്ച ചര്‍ച്ചയാക്കിയതിന് സിപിഐഎമ്മിന് നന്ദിയെന്നും ചെന്നിത്തല. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം.

കുറിപ്പ് വായിക്കാം,

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനഘട്ടത്തിൽ ഡേറ്റ ചോർച്ച എന്ന ഗൗരവമേറിയ വിഷയം വീണ്ടും ചർച്ചയ്ക്ക് കൊണ്ടുവന്നതിന് സിപിഐഎമ്മിനെ നന്ദി അറിയിക്കുന്നു. സിപിഎമ്മിന്റെയും ഇടതുപക്ഷത്തിന്റെയും പ്രഖ്യാപിതനയമായിരുന്ന ഡേറ്റാ സ്വകാര്യത ലംഘിക്കപ്പെട്ട സ്പ്രിംക്ലർ ഇടപാടിൽ സർക്കാരിനു വേണ്ടി ഘോരഘോരം വാദിച്ചവർ ഇപ്പോൾ ഈ വിഷയം മുന്നോട്ടു കൊണ്ടുവന്നു എന്നത് സ്വാഗതാർഹമാണ്. എന്നാൽ ഏതെല്ലാമാണ് സെൻസിറ്റിവ് സ്വകാര്യ ഡേറ്റ ,ഏതെല്ലാമാണ് അല്ലാത്തത് എന്നതിനെക്കുറിച്ച് സിപിഎമ്മിൻ്റെ പ്രഖ്യാപിത ബുദ്ധിജീവികൾക്കു പോലും അറിയാത്തത് കഷ്ടമാണ്. സർക്കാറിൻ്റെ തട്ടിപ്പുകൾ പൊടിപൊടിക്കുന്ന കാലത്തൊന്നും ഇവിടെ കാണാതിരുന്ന പൊളിറ്റ് ബ്യൂറോ അംഗങ്ങളെ ഇപ്പോൾ കാണുന്നതിൽ സന്തോഷമുണ്ട്. തിരഞ്ഞെടുപ്പു പട്ടികയിലെ വ്യാജ വോട്ടുകളും ഇരട്ടവോട്ടുകളും യുഡിഎഫ് കണ്ടെത്തിയത് ദീർഘമായ പ്രയത്നത്തിനൊടുവിലാണ്. ഇലക്ഷൻ കമ്മീഷൻ പ്രസിദ്ധീകരിച്ച , ഇന്റർ നെറ്റിൽ ലഭ്യമായ , ലോകത്തിന്റെ എവിടെ നിന്നും ആർക്കും പ്രാപ്യമായ വിവരങ്ങൾ എടുത്ത് ഡേറ്റ അനലിറ്റിക്സ് നടത്തുക മാത്രമാണ് യുഡിഎഫ് പ്രവർത്തകർ ചെയ്തത്. ഇത് ഡേറ്റാ പ്രൈവസിയിലുള്ള കടന്നുകയറ്റമാണ് എന്നെല്ലാം പറഞ്ഞു കേൾക്കുന്നത് കൗതുകകരമാണ്. സ്പ്രിംക്ലർ ഇടപാട് പരിശോധിച്ചാൽ എന്താണ് ഡേറ്റാ ചോർച്ച എന്ന് മനസ്സിലാക്കാം. സെൻസിറ്റിവ് പേഴ്സണൽ ഡേറ്റായായ ആരോഗ്യ വിവരങ്ങളാണ് സർക്കാർ ശേഖരിച്ച് ഒരു മാനദണ്ഡങ്ങളുമില്ലാതെ അമേരിക്കൻ കമ്പനിക്ക് നൽകിയത്. എന്താണ് സെൻസിറ്റീവ് പേഴ്സണൽ ഡേറ്റ എന്നത് സംബന്ധിച്ച് കൃത്യമായ നിർവചനമുണ്ട്. ആരോഗ്യവിവരങ്ങൾ സെൻസിറ്റീവ് പേഴ്സണൽ വിവരങ്ങളാണ്. അതുകൊണ്ടാണ് സ്പ്രിംക്ലർ കേസ് കോടതിയിലെത്തിയപ്പോൾ ഇത്തരം സെൻസിറ്റിവ് വിവരങ്ങൾ ശേഖരിക്കുമ്പോൾ ആളുകളുടെ അനുമതി എഴുതി വാങ്ങണം എന്ന് ഹൈക്കോടതി ആവശ്യപ്പെട്ടത്. ഇവിടെ വോട്ടേഴ്സ് ഐഡിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇലക്ഷൻ കമ്മീഷൻ വെബ് സൈറ്റിൽ ശേഖരിച്ചിട്ടുള്ള, ആർക്കും പ്രാപ്യമായ വിവരങ്ങളാണ്. ഇത് ഡൗൺലോഡ് ചെയ്ത് ക്രോഡീകരിക്കുക മാത്രമാണ് ഓപ്പറേഷൻ ട്വിൻസിൽ നടത്തിയിട്ടുള്ളത്. ഇലക്ഷൻ കമ്മീഷൻ പ്രസിദ്ധീകരിച്ച വിവരങ്ങൾ മറ്റ് ഏതെങ്കിലും രാഷ്ട്രത്തിലിരുന്ന് കോപ്പി ചെയ്ത് എടുക്കുന്നതിനും,സൂക്ഷിക്കുന്നതിനും നിയമപരമായി വിലക്കില്ല.ഏതെങ്കിലും വിവരങ്ങൾ പബ്ലിക് ഡൊമൈനില്‍ ലഭ്യമാണെങ്കിൽ അത് സെന്‍സിറ്റീവ് ഡാറ്റയായി പരിഗണിക്കില്ല എന്നാണ് ചട്ടം. അത്‌ എവിടെ വേണമെങ്കിലും ഹോസ്റ്റ് ചെയ്യാം . സ്പ്രിംക്ലർ ഇടപാടിൽ കോടികളുടെ സ്വകാര്യ ഡേറ്റയുടെ കച്ചവടമാണ് നടന്നത്. സ്പ്രിംക്ലർ എന്ന കമ്പനിയുടെ കച്ചവടത്തിനായി മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പരസ്യത്തിൽ അഭിനയിക്കുകയും ചെയ്തു. തട്ടിപ്പു കേസിൽ പിന്നീട് അദ്ദേഹം ജയിലിലായി. പ്രതിപക്ഷം ഈ വിഷയം ഉയർത്തുകയും ഹൈക്കോടതി നിയന്ത്രണങ്ങൾ വരുത്തുകയും ചെയ്തതോടെ ഇടതു സർക്കാരിന്റെ ഡേറ്റാ കച്ചവടം പൂട്ടിപ്പോയി. ഡേറ്റാ പ്രൈവസിയെക്കുറിച്ച് നിലപാട് എടുത്തിരുന്ന സിപിഎം, പിണറായി വിജയൻ മുഖ്യമന്ത്രിയായതോടെ ഇതെല്ലാം കാറ്റിപ്പറത്തി അമേരിക്കൻ കമ്പനിയുമായി ചങ്ങാത്തം കൂടി. പുതിയ സാഹചര്യത്തിൽ സ്പ്രിംക്ലർ ഇടപാടിലെ തട്ടിപ്പും ഡേറ്റാ കച്ചവടവും സി പി എം നേതാക്കൾ ഒന്ന് പുനർവിചിന്തനം നടത്തുന്നത് നല്ലതായിരിക്കും.

രമേശ് ചെന്നിത്തലയ്‌ക്കെതിരെ സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബിയാണ് രംഗത്തെത്തിയത്. വെബ്‌സൈറ്റില്‍ വോട്ടര്‍മാരുടെ വിവരങ്ങള്‍ നല്‍കിയതിനെതിരെ നടപടി വേണമെന്ന് എം എ ബേബി പറഞ്ഞു.

നാലര ലക്ഷം പേരുടെ ഡാറ്റ കൈകാര്യം ചെയ്തത് സിംഗപ്പൂര്‍ ആസ്ഥാനമായുള്ള വെബ്‌സൈറ്റിലാണ്. ഇരട്ടവോട്ട് വിഷയത്തെ രമേശ് ചെന്നിത്തല രാഷ്ട്രീയവത്കരിക്കുകയാണ്. വ്യക്തിഗത അനുമതിയോടെയല്ല വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത്. സ്വകാര്യതയ്ക്ക് മേലുള്ള കടന്നു കയറ്റമാണത്. സ്പ്രിംഗഌിനെക്കുറിച്ച് വാചാലരായവര്‍ തന്നെ ഡാറ്റ ചോര്‍ത്തിയത് ഗൗരവമുള്ള പ്രശ്‌നമാണ്. വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കണമെന്നും എം എ ബേബി പറഞ്ഞു.

Story Highlights: ramesh chennithala, twin vote

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here