ബംഗാളിലെയും അസമിലെയും രണ്ടാം ഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി

പശ്ചിമ ബംഗാളിലെയും അസമിലെയും നിയമസഭാ രണ്ടാം ഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി. ബംഗാളില്‍ 80.43 ശതമാനവും അസമില്‍ 76.52 ശതമാനവുമാണ് പോളിംഗ് നിരക്ക്. പശ്ചിമ ബംഗാളിലെ രണ്ടാം ഘട്ട വോട്ടെടുപ്പ് സംഘര്‍ഷ ഭരിതമായപ്പോള്‍ അസമിലെ സ്ഥിതിഗതികള്‍ പൊതുവെ സമാധാനപരമാണ്.

ബംഗാളിലെ 30ഉം അസമിലെ 39ഉം മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് പൂര്‍ത്തിയായത്. വാശിയേറിയ പോരാട്ടം നടന്ന നന്ദി ഗ്രാമില്‍ സാഹചര്യങ്ങള്‍ സംഘര്‍ഷ ഭരിതമായിരുന്നു. രാവിലെ ബൂത്ത് സന്ദര്‍ശിക്കാനെത്തിയ മമതാ ബാനര്‍ജിക്ക് നേരെ ഉണ്ടായ പ്രതിഷേധം ഏറെ നേരം സംഘര്‍ഷത്തിന് കാരണമായി.

കേന്ദ്രസേന പക്ഷപാതപരമായി പ്രവര്‍ത്തിക്കുകയാണെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി ആരോപിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘര്‍ഷത്തില്‍ ഇന്ന് രണ്ട് പേര്‍ക്ക് ജീവന്‍ നഷ്ടമായി. വ്യാപകമായി നടന്ന അക്രമങ്ങളില്‍ നിരവധി പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.

പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി മാതാ സീസണല്‍ ഹിന്ദുവാണെന്ന് പരിഹസിച്ചു. ബരാക് താഴ്‌വരയില്‍ രാവിലെ ഉണ്ടായ നേരിയ സംഘര്‍ഷമൊഴിച്ചാല്‍ അസമില്‍ വോട്ടെടുപ്പ് ശാന്തമായിരുന്നു. കഴിഞ്ഞ തവണ ബിജെപി മുന്‍തൂക്കം നേടിയ മേഖലയില്‍ മഹാസഖ്യം രൂപീകരിക്കപ്പെട്ടതാണ് ഇത്തവണ സാഹചര്യം പ്രവാചനാതീതം ആക്കിയത്. രണ്ട് ഘട്ടങ്ങള്‍ പൂര്‍ത്തിയാകുമ്പോഴും ശക്തമായ അവകാശവാദങ്ങളുമായി ഇരുമുന്നണികളും രംഗത്തുണ്ട്.

Story Highlights: west bengal, assam, election

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top