പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിജയ് റാലി ഇന്ന് പത്തനംതിട്ടയിൽ

Modi's Vijay rally Pathanamthitta

എൻഡിഎ പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിജയ് റാലി ഇന്ന് പത്തനംതിട്ടയിൽ. പ്രമാടം രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുയോഗത്തിൽ 9 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾ പങ്കെടുക്കും. പരിപാടിയിൽ ഒരു ലക്ഷം പ്രവർത്തകർ അണിനിരക്കുമെന്നാണ് എൻഡിഎ നേതാക്കളുടെ കണക്കുകൂട്ടൽ.

പ്രധാനമന്ത്രിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് കനത്ത സുരക്ഷയിലാണ് പത്തനംതിട്ട നഗരം. കേന്ദ്ര സേനകൾക്ക് പുറമേ 1400 പൊലീസുകാരെയും വിന്യസിച്ചിട്ടുണ്ട്. രാവിലെ 11മുതൽ ഉച്ചകഴിഞ്ഞ് മൂന്നുവരെ ഗതാഗത നിയന്ത്രണമുണ്ടാകും. പ്രധാനമന്ത്രി എത്തിച്ചേരുന്ന പത്തനംതിട്ട മുനിസിപ്പൽ സ്റ്റേഡിയം മുതൽ പരിപാടി നടക്കുന്ന പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയംവരെയുള്ള റൂട്ടിൽ പരമാവധി യാത്രകൾ ഒഴിവാക്കണമെന്ന് നിർദേശമുണ്ട്.

പ്രധാനമന്ത്രി എത്തുന്നതുമായി ബന്ധപ്പെട്ട് മൂന്ന് ഹെലിപാഡുകളാണ് ജില്ലാ സ്റ്റേഡിയത്തിൽ തയ്യാറാക്കിയിരിക്കുന്നത്. ജില്ലാ സ്റ്റേഡിയത്തിൽ മണ്ണിട്ട് ഉറപ്പിച്ച് കോൺക്രീറ്റ് ചെയ്താണ് ഹെലിപാഡുകൾ തയ്യാറാക്കിയത്. സ്റ്റേഡിയത്തിന് ചുറ്റും സുരക്ഷാ വേലിയും ക്രമീകരിച്ചു. പത്തനംതിട്ട ജില്ലയിലെ അഞ്ച് മണ്ഡലങ്ങൾക്ക് പുറമേ ചെങ്ങന്നൂർ, മാവേലിക്കര, പത്തനാപുരം, കൊട്ടാരക്കര മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർത്ഥികളും വിജയ് റാലിയിൽ പങ്കെടുക്കും.

പത്തനംതിട്ടയിലെ പ്രചാരണ പരിപാടിക്ക് ശേഷം അദ്ദേഹം കന്യാകുമാരിയിലേക്ക് പോകും. തുടർന്ന് വൈകിട്ട് അഞ്ചിന് കഴക്കൂട്ടത്ത് ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന പൊതുപരിപാടിയിലും അദ്ദേഹം പങ്കെടുക്കും. ആഭ്യന്തര മന്ത്രി അമിത്ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നഡ്ഡ, ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ കേരളത്തില്‍ പ്രചാരണത്തിനെത്തിയിരുന്നു.

Story Highlights: Prime Minister Narendra Modi’s Vijay rally in Pathanamthitta today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top