പരസ്യ പ്രചാരണത്തിന് താത്കാലിക ഇടവേള നല്‍കി പാലായിലെ സ്ഥാനാര്‍ത്ഥികള്‍

ഈസ്റ്റര്‍ ഉള്‍പ്പെടെയുള്ള വിശേഷ ദിവസങ്ങള്‍ എത്തിയതോടെ പരസ്യ പ്രചാരണത്തിന് താത്കാലിക ഇടവേള നല്‍കിയിരിക്കുകയാണ് പാലായിലെ സ്ഥാനാര്‍ത്ഥികള്‍. ഭവന സന്ദര്‍ശനമുള്‍പ്പെടെയുള്ള പ്രചാരണ പരിപാടികളാണ് വരും ദിവസങ്ങളില്‍ മുന്നണികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.
വിശുദ്ധ വാരം എത്തിയതോടെ സ്ഥാനാര്‍ത്ഥിയുടെ വാഹന പര്യടനം ഉള്‍പ്പെടെയുള്ള പ്രചാരണ പരിപാടികള്‍ മുന്നണികള്‍ നേരത്തെ പൂര്‍ത്തിയാക്കി. അവധി ദിനങ്ങളില്‍ ഭവന സന്ദര്‍ശനങ്ങളും ഫോണ്‍ വിളികളുമായി പരാമാവധി വോട്ട് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് ഇടത് സ്ഥാനാര്‍ത്ഥി ജോസ് കെ. മാണി.
ഇലക്ഷന്‍ കമ്മീഷന്റെ ഉത്തരവ് വരുന്നതിനു മുന്നേ തന്നെ പാലായില്‍ കൊട്ടിക്കലാശം യുഡിഎഫ് വേണ്ടെന്നു വച്ചിരുന്നു. പ്രചാരണത്തിന്റെ അവസാന ദിനങ്ങളിലെ ചെലവ് കുറച്ച് തുക നല്ല കാര്യത്തിന് വിനിയോഗിക്കുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി. കാപ്പന്‍ പറഞ്ഞു. പ്രചാരണങ്ങളില്‍ ഒപ്പത്തിനൊപ്പം മുന്നേറിയ മുന്നണികള്‍, അവസാന ഘട്ടത്തിലുണ്ടായേക്കാവുന്ന അടിയൊഴുക്കുകളെ പ്രതിരോധിക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here