വിളിക്കാത്ത കല്യാണത്തിനോ, അറിയാത്ത മരണത്തിനോ എം സ്വരാജ് പോകില്ല; അദ്ദേഹത്തിന് അഭിനയിക്കാൻ അറിയില്ല : മണികണ്‌ഠൻ ആചാരി

തൃപ്പൂണിത്തുറയിലെ ഇടത് സ്ഥാനാർത്ഥി എം സ്വരാജിന്റെ പ്രചാരണത്തിൽ സജീവമായി മണികണ്‌ഠൻ ആചാരി. താൻ മനസിലാക്കിയ സ്വരാജ് അഭിനയിക്കാനറിയാത്ത വ്യക്തിയാണെന്ന് മണികണ്‌ഠൻ ട്വന്റിഫോറിനോട്. വിളിക്കാത്ത കല്യാണത്തിനോ, അറിയാത്ത മരണത്തിനോ, അദ്ദേഹം പോകാൻ തയാറല്ല. അങ്ങനെ കാണിച്ച് വോട്ട് പിടിക്കാനോ, അണികളെ കൂട്ടാനോ അദ്ദേഹത്തിന് അറിയില്ലെന്നും മണികണ്‌ഠൻ ആചാരി പറഞ്ഞു.
മണ്ഡലത്തിൽ തികഞ്ഞ ആത്മവിശ്വാസത്തിലാണ് എം.സ്വരാജ്. ‘ജനങ്ങളെ ബാധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വിഷയം നാടിന്റെ വികസനവും ക്ഷേമവുമാണ്. ഇത് മുൻനിർത്തിയാണ് തങ്ങൾ വോട്ട് ചോദിച്ചിട്ടുള്ളത്. ഈ നാട്ടിൽ അഞ്ച് കൊല്ലം കൊണ്ട് വന്ന മാറ്റം, ഈ മാറ്റങ്ങളുടെ തുടർച്ചയ്ക്കാണ് വോട്ട് അഭ്യർത്ഥിക്കുന്നത്’- എം സ്വരാജ് പറഞ്ഞു. കേരളത്തിലെ മറ്റ് നിയോജക മണ്ഡലത്തിലെ പോലെ തൃപ്പൂണിത്തുറ മണ്ഡലത്തിലും ഇടതുപക്ഷത്തെ ജനം നെഞ്ചേറ്റുമെന്നും എം.സ്വരാജ് പറഞ്ഞു.
‘ഒരു എംഎൽഎ ജനങ്ങൾക്ക് പ്രാപ്യനാണോ എന്ന് അറിയാനുള്ള ഒരു മാനദണ്ഡം അവശരായ രോഗികൾക്ക് ലഭിക്കുന്ന സഹായമാണ്. അസുഖ ബാധിതരായ വ്യക്തികൾക്ക് മുഖ്യമന്ത്രിയുടെ ചികിത്സാ നിധിയിൽ നിന്ന് സഹായം ലഭിക്കും. ഇത് എംഎൽഎയുടെ കത്തോടു കൂടി അപേക്ഷിക്കുമ്പോഴാണ് സഹായം ലഭിക്കുക. എറണാകുളത്ത് ഇത്തരം സഹായം ലഭിച്ചവരുടെ കണക്കെടുത്താൽ ഏറ്റവും കൂടുതൽ വരുന്നത് തൃപ്പൂണിത്തുറ മണ്ഡലത്തിലാണ്’- എം സ്വരാജ് പറഞ്ഞു.
Story Highlights: manikantan achari about m swaraj
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here