മഞ്ചേശ്വരത്ത് വിജയ പ്രതീക്ഷ പങ്കുവച്ച് സ്ഥാനാര്‍ത്ഥികള്‍

മഞ്ചേശ്വരത്ത് ഇത്തവണ ഉറച്ച വിജയ പ്രതീക്ഷയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. യുഡിഎഫ്- എസ്ഡിപിഐ കൂട്ടുകെട്ടിനെ കുറിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും മിണ്ടുന്നില്ല. ഈ കൂട്ടുകെട്ട് ജനങ്ങള്‍ തിരിച്ചറിയുമെന്നും കേന്ദ്രം സഹായിച്ചതിനാല്‍ മാത്രമാണ് പിണറായി സര്‍ക്കാര്‍ പൂട്ടിപ്പോകാതെ നിലനിന്നുപോയതെന്നും കെ സുരേന്ദ്രന്‍ ട്വന്റിഫോറിനോട്. പച്ചക്കള്ളമാണ് മുഖ്യമന്ത്രി പറയുന്നത്. കേന്ദ്രം കൊടുക്കുന്ന അരിയില്ലായിരുന്നെങ്കില്‍ എങ്ങനെ കിറ്റ് കൊടുക്കുമായിരുന്നു. നന്ദികേട് കാണിക്കരുത്. ഒരു രൂപയുടെ അരിക്ക് പോലും പണം ചോദിച്ചില്ല. ശമ്പളം കൊടുക്കുന്നത് കേന്ദ്രത്തിന്റെ ഔദാര്യത്താലാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

മണ്ഡലത്തില്‍ ഇത്തവണ ഭരണപക്ഷ എംഎല്‍എ ഉണ്ടാകുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി വി രമേശനും പറഞ്ഞു. കേരളത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷം ഉണ്ടായ വികസനങ്ങള്‍ മഞ്ചേശ്വരത്ത് കാണാന്‍ കഴിയില്ല. ഇവിടുത്തെ എംഎല്‍എ ലോക്കായിരുന്നുവെന്നും വികസനത്തിനാണ് വോട്ട് തേടുന്നതെന്നും വി വി രമേശന്‍ 24 നോട് പറഞ്ഞു.

മഞ്ചേശ്വരത്ത് ഇക്കുറിയും വര്‍ഗീയതയ്ക്ക് എതിരായി ജനങ്ങള്‍ വിധിയെഴുതുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി എ കെ എം അഷറഫും വ്യക്തമാക്കി. പരാജയ ഭീതിയില്‍ ആണ് കെ സുരേന്ദ്രന്‍. അതുകൊണ്ടുള്ള പുലഭ്യം പറച്ചില്‍ മാത്രമാണ് നടക്കുന്നത്. സ്ഥാനാര്‍ത്ഥിയെ മണ്ഡലത്തില്‍ കാണാന്‍ പോലും കിട്ടിയില്ല. ഈ തെരഞ്ഞെടുപ്പില്‍ മികച്ച ഭൂരിപക്ഷം നേടി വിജയിക്കുമെന്നും എ കെ എം അഷറഫ് ട്വന്റിഫോറിനോട്.

Story Highlights: manjeshwaram, assembly elections 2021

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top