ആർബിഐയുടെ നയ രൂപീകരണ സമിതി യോഗം ഇന്ന് ആരംഭിക്കും

സുപ്രധാനമായ ആർബിഐയുടെ നയ രൂപീകരണ സമിതി (എംപിസി) യോഗം ഇന്ന് ആരംഭിക്കും. ത്രിദിന യോഗത്തിന്റെ തീരുമാനങ്ങൾ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായാണ് യോഗം. കൊവിഡ് വ്യാപനത്തിലെ സമീപകാല വർധന സാമ്പത്തിക വളർച്ചയ്ക്ക് തിരിച്ചടിയാകുമോ എന്ന ആശങ്കയുടെ പശ്ചാത്തലത്തിലാണ് സമിതി യോഗം ചേരുന്നത്.
പണപ്പെരുപ്പത്തിന്റെ തോതിൽ പ്രകടമാകുന്ന ഏറ്റക്കുറച്ചിലുകൾ സമ്പദ്ഘടനയിൽ പ്രകടമാണ്. ഇത് പലിശ നിരക്കുകൾ ഉയർത്താൻ ഉചിത കാരണമായി പരിഗണിക്കണോ എന്നും യോഗം തീരുമാനിക്കും. ആർബിഐയുടെ ഈ സാമ്പത്തിക വർഷത്തെ ആദ്യ പണ, വായ്പ നയം ത്രിദിന യോഗത്തിന് ശേഷം ഏഴിന് പ്രഖ്യാപിക്കുകയാണ് ലക്ഷ്യം. പലിശ നിരക്കുകളുടെ കാര്യത്തിൽ തത്ക്കാലം തൽസ്ഥിതി തുടരുന്നതാകും അഭികാമ്യം എന്ന് സാമ്പത്തിക വിദഗ്ധർ ഇതിനകം അഭിപ്രായപ്പെട്ടിട്ടുണ്ട്. ജനുവരിയിൽ 4.1 ശതമാനം മാത്രമായിരുന്നു ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക്. എന്നാൽ ഫെബ്രുവരിയിൽ അഞ്ചു ശതമാനത്തിലേക്ക് ഇത് ഉയർന്നു. മാർച്ചിലെ കണക്കുകൾ പുറത്തുവന്നിട്ടില്ലെങ്കിലും നിരക്ക് അഞ്ചര ശതമാനത്തിന് അടുത്തെത്തിയിരിക്കാം എന്നാണ് അനുമാനം. ആർബിഐ പണ നയ സമിതി കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ അവസാന യോഗത്തിലും പലിശ നിരക്കുകളിൽ മാറ്റം ശുപാർശ ചെയ്യുകയുണ്ടായില്ല. ഇക്കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു അവസാന യോഗം.
Story Highlights: RBI
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here