ലോകത്തിലെ ഏറ്റവും ഉയരമുള്ള പാലത്തിന്റെ ആർച്ച് നിർമ്മാണം പൂർത്തിയാക്കി ഇന്ത്യ

ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയിൽവേ പാലത്തിന്റെ ആർച്ച് നിർമ്മാണം ഇന്ത്യൻ റെയിൽവേ ഇന്ന് പൂർത്തിയാക്കി. ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിലെ നാഴികക്കല്ലെന്ന് വിശേഷിപ്പിക്കാവുന്ന ഈ പദ്ധതി ചെനാബ് നദിക്ക് കുറുകെ ആണ് നിർമ്മിക്കുന്നത്. കശ്മീർ റെയിൽവേ പദ്ധതിയുടെ ഭാഗമായ ഉദംപൂർ-ശ്രീനഗർ- ബാരാമുള്ള പാതയിലെ കത്ര മുതൽ ബനിഹാൽ വരെയുള്ള 111 കിലോമീറ്റർ ദൂരത്തെ പ്രധാന ഭാഗമാണ് ഈ പാലം. 359 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പാലത്തിന് 1.3 കിലോമീറ്റർ നീളമുണ്ട്. റെയിൽവേ പദ്ധതികളെക്കാളും ഏറ്റവും വലിയ സിവിൽ എൻജിനീയറിങ് വെല്ലുവിളിയായിരുന്നു ഇത്.
പാലത്തിന് 1250 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 1300 ജോലിക്കാരും 300 എൻജിനീയർമാരും വിവിധ ഷിഫ്റ്റുകളിലായി 24 മണിക്കൂറും പാലത്തിനായി ജോലി ചെയ്യുന്നുണ്ട്. റെയിൽവേയുടെ ചരിത്രത്തിൽ 2.74 ഡിഗ്രി വളച്ച് പാലത്തിനായി കമാനം നിർമ്മിക്കുന്നത് ആദ്യമായാണ്.
റെയിൽവേയ്ക്ക് ചരിത്രപരമായ ദിനമാണിതെന്ന് നോർത്തേൺ ജനറൽ മാനേജർ അശുതോഷ് ഗംഗൽ പറഞ്ഞു. ഉദംപൂർ-ശ്രീനഗർ- ബാരാമുള്ള റെയിൽ ലിങ്ക് പദ്ധതി പൂർത്തിയാക്കുന്നതിലെ ഒരു നാഴികക്കല്ലാണ് കശ്മീരിനെ രാജ്യത്തിൻറെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന പാലമെന്നും രണ്ടര വർഷത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ചെനാബിന് മുകളിലുള്ള പാലത്തിന്റെ ഏറ്റവും ബുദ്ധിമുട്ടേറിയ പ്രവർത്തിയായിരുന്നു ഉരുക്കു കമാനങ്ങളുടെ നിർമ്മാണം. 5.6 മീറ്റർ നീളമുള്ള അവസാനത്തെ ലോഹഭാഗം ഇന്ന് ഏറ്റവും ഉയർന്ന സ്ഥലത്ത് ഘടിപ്പിക്കുകയും കമാനത്തിന്റെ രണ്ടു വശത്തുമായി ചേർക്കുകയും ചെയ്തു. മണിക്കൂറിൽ 260 കി.മി വേഗതയുള്ള കാറ്റിനെ പ്രതിരോധിക്കാൻ ശേഷിയുണ്ട് ഈ പാലത്തിന്.
Story Highlights: World’s highest railway bridge on Chenab river in Jammu & Kashmir completed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here