കേവല ഭൂരിപക്ഷത്തിലാണെങ്കിലും ഭരണം നേടാനാകുമെന്ന വിലയിരുത്തലില്‍ യുഡിഎഫ്

കേവല ഭൂരിപക്ഷത്തിലാണെങ്കിലും സംസ്ഥാനത്ത് ഭരണം നേടാനാകുമെന്ന വിലയിരുത്തലില്‍ യുഡിഎഫ്. 75 മുതല്‍ 90 വരെ സീറ്റുകള്‍ ലഭിച്ചേക്കുമെന്നതാണ് മുന്നണിയുടെ പ്രാഥമിക കണക്ക് കൂട്ടല്‍. സംസ്ഥാനത്ത് യുഡിഎഫിനനുകൂലമായ നിശബ്ദ തരംഗം ശക്തമായിരുന്നുവെന്നും നേതൃത്വം വിലയിരുത്തുന്നു.

തുടര്‍ഭരണമെന്ന ഇടതു മുന്നണിയുടെ സ്വപ്നം പൂവണിയില്ലെന്ന വിലയിരുത്തലില്‍ ആണ് യുഡിഎഫ് ക്യാമ്പ്. സര്‍ക്കാരിനെതിരായ ആരോപണങ്ങള്‍ ജനങ്ങള്‍ മുഖവിലക്ക് എടുത്തിട്ടുണ്ടെന്ന് ഉറപ്പിക്കുന്ന യുഡിഎഫ് നേതൃത്വം, സ്ഥാനാര്‍ത്ഥികളുടെ വ്യക്തിപ്രഭാവവും യുവസാന്നിധ്യവും വിജയത്തിന്റെ മാറ്റു കൂടാന്‍ കാരണമാകുമെന്നും വിലയിരുത്തുന്നു. അവസാന മണിക്കൂറിലെ വോട്ടിംഗില്‍ ഉണ്ടായ മന്ദത ആശങ്ക സൃഷ്ടിക്കുമ്പോഴും ശബരിമല വിഷയവും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ പരാമര്‍ശവും യുഡിഎഫിന് അനുകൂലമാകുമെന്ന കണക്ക് കൂട്ടലിലാണ് മുന്നണി നേതൃത്വം.

സിറ്റിംഗ് മണ്ഡലങ്ങളില്‍ ചിലത് നഷ്ടമാകുമെന്ന് നേതൃത്വം പ്രാഥമികമായി വിലയിരുത്തിയിട്ടുണ്ട്. അതേസമയം, കഴിഞ്ഞ തവണ നാല് സീറ്റുകളില്‍ ഒതുങ്ങിയ തിരുവനന്തപുരത്തും തുടച്ചു നീക്കപ്പെട്ട കൊല്ലത്തും ഉള്‍പ്പെടെ കൂടുതല്‍ സീറ്റുകള്‍ പിടിച്ചെടുത്ത് നില മെച്ചപ്പെടുത്താന്‍ ആകുമെന്ന് നേതൃത്വം അവകാശവാദം ഉന്നയിക്കുന്നുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പില്‍ നിന്ന് വിഭിന്നമായി ന്യൂനപക്ഷ വിഭാഗങ്ങള്‍ മുന്നണിയോട് കൂടുതല്‍ അടുത്തതായും യുഡിഎഫ് ക്യാമ്പ് ചൂണ്ടിക്കാട്ടുന്നു. നേമത്ത് ഉള്‍പ്പെടെ അതിശക്തമായ മത്സരം നടന്ന മണ്ഡലങ്ങളില്‍ ഭൂരിപക്ഷം കുറഞ്ഞാലും വിജയിക്കുമെന്നാണ് യുഡി എഫിന്റെ പ്രാഥമിക കണക്ക് കൂട്ടല്‍. അതേസമയം, അവസാന മണിക്കൂറില്‍ പോളിംഗിലുണ്ടായ ആവേശക്കുറവ് തിരിച്ചടിയാകുമോയെന്ന ആശങ്കയും ചില നേതാക്കള്‍ പങ്കുവെക്കുന്നുണ്ട്.

Story Highlights: assembly election kerala udf

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top