പാനൂരിലെ സംഘര്‍ഷ മേഖലകളില്‍ എല്‍ഡിഎഫിന്റെ സമാധാന സന്ദേശ യാത്ര ഇന്ന്

കണ്ണൂര്‍ പാനൂരിലെ സംഘര്‍ഷ മേഖലകളില്‍ എല്‍ഡിഎഫിന്റെ സമാധാന സന്ദേശ യാത്ര ഇന്ന്. മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ കൊല്ലപ്പെട്ട മുക്കില്‍പീടികയിലടക്കം പൊതുയോഗം സംഘടിപ്പിക്കും. കേസിലെ മുഴുവന്‍ പ്രതികളെയും ഉടന്‍ പിടികൂടണം എന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് കണ്ണൂരില്‍ ഇന്ന് പ്രതിഷേധ സംഗമവും നടത്തും.
മന്‍സൂര്‍ കൊല്ലപ്പെട്ട പാനൂരിലെ മുക്കില്‍പീടിക, സംഘര്‍ഷമുണ്ടായ കടവത്തൂര്‍, പെരിങ്ങത്തൂര്‍ എന്നിവിടങ്ങളിലൂടെയാണ് എല്‍ഡിഎഫ് ഇന്ന് സമാധാന സന്ദേശ യാത്ര നടത്തുന്നത്. മൂന്നിടത്തും പൊതുയോഗങ്ങള്‍ സംഘടിപ്പിക്കും. കടവത്തൂരില്‍ സിപിഐഎം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍, മുക്കില്‍ പീടികയില്‍ സംസ്ഥാന സമിതി അംഗം പി ജയരാജന്‍, പെരിങ്ങത്തൂരില്‍ കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്‍ എന്നിവര്‍ സംസാരിക്കും.
Read Also : ദൈവങ്ങള്‍ക്ക് വോട്ട് ഉണ്ടാകുമെങ്കില്‍ എല്ലാവരുടെയും വോട്ട് എല്‍ഡിഎഫിന്: കോടിയേരി ബാലകൃഷ്ണന്‍
മന്‍സൂര്‍ വധക്കേസുമായി ബന്ധപ്പെട്ട് സിപിഐഎം പ്രതിരോധത്തിലായതിന് പിന്നാലെയാണ് പൊതുയോഗങ്ങള്‍. സിപിഐഎം പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരുമാണ് പ്രതിപ്പട്ടികയിലുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് പാര്‍ട്ടി നിലപാട് പ്രവര്‍ത്തകരെ ബോധ്യപ്പെടുത്തുകയാണ് സിപിഐഎമ്മിന്റെ ലക്ഷ്യം.
അതേസമയം പ്രതിപക്ഷം മന്‍സൂര്‍ വധക്കേസില്‍ പ്രക്ഷോഭം ശക്തമാക്കുകയാണ്. ഇന്ന് യൂത്ത് ലീഗ് കണ്ണൂരില്‍ പ്രതിഷേധ സംഗമം സംഘടിപ്പിക്കുന്നുണ്ട്. മുഴുവന്‍ പ്രതികളെയും ഉടന്‍ പിടികൂടണമെന്നാണ് ആവശ്യം. ഒളിവില്‍ കഴിയുന്ന പ്രതികള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതികരണം. അറസ്റ്റിലായ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനുള്ള നടപടികള്‍ അന്വേഷണ സംഘം ഉടന്‍ തുടങ്ങും.
Story Highlights: mansoor murder case, kannur, ldf
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here