ദീപ് സിദ്ദു സമർപ്പിച്ച ജാമ്യാപേക്ഷയിൽ കോടതി വ്യാഴാഴ്ച വിധി പറയും

റിപ്പബ്ലിക് ദിനത്തിലെ ചെങ്കോട്ട സംഘർഷവുമായി ബന്ധപ്പെട്ട് നടൻ ദീപ് സിദ്ദു സമർപ്പിച്ച ജാമ്യാപേക്ഷയിൽ ഡൽഹിയിലെ അഡിഷണൽ സെഷൻസ് കോടതി വ്യാഴാഴ്ച വിധി പറയും. ദീപ് സിദ്ദുവിന്റെയും, പ്രോസിക്യൂഷന്റെയും വാദം പൂർത്തിയായി. ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ എതിർത്തു. ദേശീയ പതാകയെ അപമാനിക്കുകയായിരുന്നു ദീപ് സിദ്ദുവിന്റെ ലക്ഷ്യമെന്ന് പ്രോസിക്യൂഷൻ ആരോപിച്ചു.
മതസൂക്തങ്ങൾ മുഴക്കുന്നത് ക്രിമിനൽ കുറ്റമല്ലെന്ന് ദീപ് സിദ്ദു വാദിച്ചിരുന്നു.ചെങ്കോട്ടയിലെ സാന്നിധ്യവും പതാക ഉയർത്തലും തെറ്റല്ല. അക്രമസംഭവങ്ങളിൽ പങ്കില്ലെന്നും, സിസിടിവിയിൽ അടക്കം ദൃശ്യങ്ങളിൽ ഇക്കാര്യം വ്യക്തമാണെന്നും ദീപ് സിദ്ദുവിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
റിപ്പബ്ലിക് ദിനത്തിലുണ്ടായ സംഘർഷത്തിലെ മുഖ്യ സൂത്രധാരനാണ് ദീപ് സിദ്ദുവെന്നാണ് ഡൽഹി പൊലീസിന്റെ ആരോപണം. കഴിഞ്ഞ ഫെബ്രുവരി ഒൻപതിനാണ് ദീപ് സിദ്ദുവിനെ അറസ്റ്റ് ചെയ്തത്.
കർഷക സമരവുമായി ബന്ധപ്പെട്ട് റിപ്പബ്ലിക് ദിനത്തിൽ നടത്തിയ ട്രാക്ടർ റാലിക്കിടെയാണ് ചെങ്കോട്ടയിൽ അതിക്രമിച്ചു കയറി ദീപ് സിദ്ദുവിന്റെ നേതൃത്വത്തിലുള്ള സംഘം സിഖ് പതാക ഉയർത്തിയത്. ഇത് വലിയ വിവാദങ്ങൾക്കിടയാക്കി. ഇതിന് നേതൃത്വം നൽകിയത് ദീപ് സിദ്ദുവാണെന്ന് ഡൽഹി പൊലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് സിദ്ദുവിനെ പിടികൂടാനായി വ്യാപക തിരച്ചിലാണ് പൊലീസ് നടത്തിയിരുന്നത്. സിദ്ദുവിനെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് ഡൽഹി പൊലീസ് ഇനാം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
Story Highlights: The court will rule on Deep Sidhu’s bail application on Thursday
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here