Advertisement

ഇടിമിന്നല്‍ ഉള്ള സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാം?

April 13, 2021
Google News 1 minute Read
lightning

ഏപ്രില്‍ 17 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ 30 കിലോമീറ്റര്‍ മുതല്‍ 40 കിലോമീറ്റര്‍ വരെ വരെ വേഗത്തിലുള്ള കാറ്റിനും ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുകയാണ്. ഉച്ച കഴിഞ്ഞ് രണ്ട് മുതല്‍ രാത്രി പത്ത് വരെയുള്ള സമയത്താണ് ഇടിമിന്നലിനുള്ള സാധ്യത കൂടുതല്‍. ഇടിമിന്നല്‍ ഉള്ള സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്:

കാര്‍മേഘം കണ്ടുതുടങ്ങുന്ന സമയം മുതല്‍ തന്നെ ജാഗ്രത വേണ്ടതുണ്ട്.

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം പ്രകടമായാലുടന്‍ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം.

ഇടിമിന്നലുള്ള സമയത്ത് തുണികള്‍ എടുക്കാന്‍ ടെറസിലേക്കോ, മുറ്റത്തേക്കോ സമയത്ത് പോകരുത്.

ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക.

ജനലുകളും വാതിലുകളും അടച്ചിടുക.

ലോഹ വസ്തുക്കളുടെ സ്പര്‍ശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക.

ടെലിഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക.

ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക.

വീടിന്റെ ഉള്‍ഭാഗത്ത് തറയിലോ ഭിത്തിയിലോ സ്പര്‍ശിക്കാതെ ഇരിക്കാന്‍ ശ്രമിക്കുക.

ഇടിമിന്നലുള്ള സമയത്ത് ടെറസ്സിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷങ്ങളുടെ കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്.

വീടിനു പുറത്താണങ്കില്‍ വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്.

വാഹനത്തിനുള്ളിലാണെങ്കില്‍ തുറസ്സായ സ്ഥലത്ത് നിര്‍ത്തി, ലോഹ ഭാഗങ്ങളില്‍ സ്പര്‍ശിക്കാതെ ഇരിക്കണം.

ഇടിമിന്നല്‍ ഉണ്ടാകുമ്പോള്‍ ജലാശയങ്ങളില്‍ ഇറങ്ങരുത്.

പട്ടം പറത്തുവാന്‍ പാടില്ല.

തുറസ്സായ സ്ഥലത്താണങ്കില്‍ പാദങ്ങള്‍ ചേര്‍ത്തുവച്ച് തല കാല്‍മുട്ടുകള്‍ക്ക് ഇടയില്‍ ഒതുക്കി പന്തുപോലെ ഇരിക്കണം.

ഇടിമിന്നലുള്ള സമയത്ത് പുറത്ത് അയയില്‍ കിടക്കുന്ന നനഞ്ഞ വസ്ത്രങ്ങള്‍ എടുക്കാതിരിക്കുക.

ഇടിമിന്നലില്‍ നിന്ന് സുരക്ഷിതമാക്കാന്‍ കെട്ടിടങ്ങള്‍ക്ക് മുകളില്‍ മിന്നല്‍ ചാലകവും വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സര്‍ജ്ജ് പ്രോട്ടക്ടറും സ്ഥാപിക്കാം.

ഉച്ച കഴിഞ്ഞ് രണ്ടു മുതല്‍ രാത്രി പത്തു വരെ അന്തരീക്ഷം മേഘാവൃതമാണെങ്കില്‍, തുറസായ സ്ഥലത്തും, ടെറസ്സിലും കുട്ടികള്‍ കളിക്കുന്നത് ഒഴിവാക്കണം.

മിന്നലിന്റെ ആഘാതത്തില്‍ പൊള്ളലേല്‍ക്കുകയോ കാഴ്ചയോ കേള്‍വിയോ നഷ്ടമാവുകയോ ഹൃദയാഘാതമുണ്ടാകുകയോ ചെയ്യാം.

മിന്നലേറ്റ ആളിന്റെ ശരീരത്തില്‍ വൈദ്യുത പ്രവാഹം ഉണ്ടാകില്ലെന്ന് തിരിച്ചറിയുക. അതുകൊണ്ടുതന്നെ അടിയന്തരമായി പ്രഥമ ശുശ്രൂഷ നല്‍കാന്‍ മടിക്കരുത്. മിന്നലേറ്റാല്‍ ജീവന്‍ രക്ഷിക്കുന്നതിന് ആദ്യത്തെ 30 സെക്കന്‍ഡുകള്‍ നിര്‍ണായകമാണ്.

വളര്‍ത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. മഴക്കാര്‍ കാണുമ്പോള്‍ അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റിക്കെട്ടുവാനും തുറസായ സ്ഥലത്തേക്ക് പോകുന്നതും ഒഴിവാക്കണം.

Story Highlights: thunder, lightning, precaution

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here