മധ്യപ്രദേശിൽ കൊവിഡ് മരണങ്ങൾ മറച്ചുവയ്ക്കുന്നതായി റിപ്പോർട്ട്

മധ്യപ്രദേശിൽ കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ മരണ നിരക്ക് സർക്കാർ മറച്ചുവയ്ക്കുന്നതായി റിപ്പോർട്ട്. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. സംസ്ഥാനത്തെ കൊവിഡ് മരണങ്ങളും സർക്കാർ പുറത്തുവിടുന്ന രേഖകളും തമ്മിൽ പൊരുത്തക്കേടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
സർക്കാർ പുറത്തുവിടുന്ന വിവരങ്ങൾക്ക് വിരുദ്ധമായി മധ്യപ്രദേശിൽ വിവിധയിടങ്ങളിലായി ശ്മശാനങ്ങളിൽ കൊവിഡ് ബാധിച്ച് മരിച്ച നിരവധി പേരുടെ മൃതദേഹങ്ങളാണ് എത്തിക്കുന്നത്. ഭോപ്പാലിൽ ഏപ്രിൽ എട്ടിന് കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം 41 മൃതദേഹങ്ങളാണ് സംസ്‌കരിച്ചത്. എന്നാൽ അന്നത്തെ മെഡിക്കൽ ബുള്ളറ്റിനിൽ 27 മരണങ്ങൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. ഏപ്രിൽ 9 ന് 35 മൃതദേഹങ്ങൾ സംസ്‌കരിച്ചിരുന്നു. അന്ന് സർക്കാർ കണക്കുകളിൽ രേഖപ്പടുത്തിയത് 23 മരണങ്ങൾ മാത്രം. ഏപ്രിൽ 10ന് 56 മൃതദേഹങ്ങൾ സംസ്‌കരിച്ചു. സർക്കാർ രേഖയിൽ 24 എണ്ണം മാത്രമാണ് റിപ്പോർട്ട് ചെയ്തത്. ഏപ്രിൽ 12ന് 68 മൃതദേഹങ്ങളാണ് സംസ്‌കരിച്ചത്. എന്നാൽ അന്നത്തെ മെഡിക്കൽ ബുള്ളറ്റിനിൽ 24 മരണങ്ങൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. ഏപ്രിൽ 12 ന് 59 മൃതദേഹങ്ങൾ സംസ്‌കരിച്ചു. സർക്കാർ പുറത്തുവിട്ടത് 37 മരണങ്ങളുടെ മാത്രം വിവരം.
സംഭവം വിവാദമായതിന് പിന്നാലെ വിശദീകരണവുമായി സർക്കാർ രംഗത്തെത്തി. മരണസംഖ്യ മറച്ചുവയ്ക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നും അങ്ങനെ ചെയ്യുന്നതിലൂടെ തങ്ങൾക്ക് ഒരു അവാർഡും ലഭിക്കുകയില്ലെന്നും മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി വിശ്വാസ് സാരംഗ് പറഞ്ഞു.
Story Highlights: covid 19, Madhyapradesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here