കൊല്‍ക്കത്തയ്ക്ക് എതിരെ മുംബൈയ്ക്ക് പത്ത് റണ്‍സ് ജയം

ഐപിഎല്‍ 14ാം സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് എതിരെ മുംബൈ ഇന്ത്യന്‍സിന് പത്ത് റണ്‍സ് ജയം. ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ 152 റണ്‍സ് എടുത്ത് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗില്‍ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സ് മാത്രമേ കൊല്‍ക്കത്തയ്ക്ക് നേടാനായുള്ളൂ.

മികച്ച തുടക്കമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് നിതീഷ് റാണയും ശുഭ്മന്‍ ഗില്ലും നല്‍കിയത്. എന്നാല്‍ ഈ കൂട്ടുകെട്ടിനെ രാഹുല്‍ ചഹാര്‍ തകര്‍ത്തു. കൊല്‍ക്കത്തയുടെ നാല് വിക്കറ്റും വീഴ്ത്തിയത് ചഹാര്‍ ആണ്. 15 ഓവര്‍ പിന്നിട്ടപ്പോള്‍ 122/4 എന്ന നിലയിലായിരുന്നു കൊല്‍ക്കത്ത. അവസാന ഓവറില്‍ ജയത്തിനായി 15 റണ്‍സ് കൊല്‍ക്കത്തയ്ക്ക് നേടേണ്ടിയിരുന്നു. എന്നാല്‍ അഞ്ച് റണ്‍സ് മാത്രമേ അവസാന ഓവറില്‍ ട്രെന്റ് ബോള്‍ട്ട് വിട്ട് നല്‍കിയുള്ളൂ.

മുംബൈയ്ക്ക് ലഭിച്ചത് മോശം തുടക്കമായിരുന്നു. ക്രിസ് ലിന്നിന് പകരമെത്തിയ ഡി കോക്ക് നിരാശപ്പെടുത്തി. രോഹിത്തും സൂര്യകുമാറും ചേര്‍ന്നെടുത്ത 76 റണ്‍സാണ് ടീമിന് തുണയേകിയത്. ഇഷാന്‍ കിഷന്‍ (1), ഹര്‍ദിക് പാണ്ഡ്യ (15), കീറന്‍ പൊള്ളാര്‍ഡ് (5), മാര്‍ക്കോ ജന്‍സന്‍(0) എന്നിവര്‍ നിരാശപ്പെടുത്തി. കൊൽക്കത്തക്കായി ആന്ദ്രേ റസ്സൽ 2 ഓവറിൽ 15 റൺസ് വഴങ്ങി 5 വിക്കറ്റുകൾ സ്വന്തമാക്കിയപ്പോൾ, പാറ്റ് കമ്മിന്‍സ് രണ്ടും ഷാക്കിബ് അല്‍ ഹസന്‍, വരുണ്‍ ചക്രവര്‍ത്തി, പ്രസിദ്ധ് കൃഷ്ണ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.

Story Highlights: ipl, mumbai indians, kolkata knight riders

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top