എറണാകുളത്ത് കൊവിഡ് കേസുകൾ വർധിക്കുന്നതിൽ ആശങ്ക വേണ്ട: ജില്ലാ കളക്ടർ എസ് സുഹാസ്

എറണാകുളം ജില്ലയിൽ കൊവിഡ് കേസുകൾ വർധിക്കുന്നതിൽ ആശങ്ക വേണ്ടെന്ന് ജില്ലാ കളക്ടർ എസ് സുഹാസ്. ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ട സാഹചര്യമില്ല. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മറ്റ് ജില്ലകളെ അപേക്ഷിച്ച് കുറവാണെന്നും എസ് സുഹാസ് ട്വന്റിഫോറിനോട് പറഞ്ഞു.
പ്രതിദിന കൊവിഡ് കേസുകൾ വീണ്ടും 1000 കടന്നെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന നിലപാടിലാണ് ജില്ലാ ഭരണകൂടം. ജില്ലയിലെ പ്രതിരോധ പ്രവർത്തനങ്ങൾ മികച്ച രീതിയിലാണ് പുരോഗമിക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.73 ശതമാനമാണെന്നും ഇത് മറ്റ് ജില്ലകളെ അപേക്ഷിച്ച് ഭേദമാണെന്നും കളക്ടർ പറഞ്ഞു
പതിമൂവായിരത്തിലേറെ പ്രതിദിന ടെസ്റ്റുകൾ നടത്തുന്നുണ്ട്. ഒപ്പം തന്നെ വാക്‌സിനേഷൻ കൂടുതൽ ആളുകളിലേക്ക് എത്തിക്കാനുള്ള ശ്രമവും പുരോഗമിക്കുകയാണ്. നിർദേശങ്ങൾ അടിച്ചേല്പിക്കാതെ ജനങ്ങളെ സഹകരണത്തോടെ മുന്നോട്ട് പോകാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. ഇഫ്താർ വിരുന്നുകൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് സമുദായ നേതാക്കളുമായി ചർച്ച നടത്തും. ഹോട്ടലുകളിലെ സമയക്രമം സംബന്ധിച്ച പരാതികളും ചർച്ച ചെയ്ത് പരിഹരിക്കുമെന്ന് കളക്ടർ വ്യക്തമാക്കി.
Story Highlights: No need to worry about increase in covid cases in Ernakulam: District Collector
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here