കുംഭമേളയിൽ പങ്കെടുത്ത 1,701 പേർക്ക് കൊവിഡ്; ഒരു മരണം

ഹരിദ്വാറിലെ കുംഭമേളയിൽ പങ്കെടുത്ത ആയിരത്തിലധികം പേർക്ക് കൊവിഡ്. അഞ്ച് ദിവസത്തിനിടെ 1,701 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഹരിദ്വാറിൽ കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുകയാണ്. കുംഭമേളയുടെ പശ്ചാത്തലത്തിൽ പരിശോധന വർധിപ്പിച്ചിട്ടുണ്ട്.

കുംഭമേളയിൽ പങ്കെടുത്ത ഒരാൾ കൊവിഡ് ബാധിച്ച് മരിച്ചു. നിർവ്വാണി അഖാഡാ അംഗം മഹാമണ്ഡലേശ്വർ കപിൽദേവ് ആണ് മരിച്ചത്. കുംഭമേളയിൽ പങ്കെടുത്തതിന് പിന്നാലെ മഹാമണ്ഡലേശ്വർ കപിൽദേവ് കൊവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നു. ഇതേ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ഇന്ന് മരണം സ്ഥിരീകരിക്കുകയായിരുന്നു.

കൊവിഡ് ആശങ്ക സൃഷ്ടിക്കുമ്പോഴും കുംഭമേള നേരത്തെ അവസാനിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നാണ് അധികൃതർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ഏപ്രിൽ 30 വരെ തുടരുമെന്നും അധികൃതർ അറിയിച്ചിരുന്നു. കുംഭമേളയുടെ ഭാഗമായി ആയിരക്കണക്കിനാളുകളാണ് ഗംഗയുടെ തീരത്ത് സ്‌നാനം ചെയ്യാൻ എത്തുന്നത്. ബുധനാഴ്ച ഉച്ചവരെ 10 ലക്ഷം പേർ സ്‌നാനം ചെയ്യാൻ എത്തിയെന്നാണ് സർക്കാർ കണക്ക്.

Story Highlights: Covid-19, Kumbh Mela

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top