കുംഭമേള അവസാനിപ്പിക്കില്ലെന്ന് അധികൃതർ

കൊവിഡ് ബാധകൾ അനിയന്ത്രിതമായി ഉയരുന്ന സാഹചര്യത്തിലും കുംഭമേള അവസാനിപ്പിക്കില്ലെന്ന് അധികൃതർ. മേള ഏപ്രിൽ 30 വരെ തുടരുമെന്നും അധികൃതർ അറിയിച്ചു. നേരത്തെ, കൊവിഡ് ബാധ ഉയരുന്ന സാഹചര്യത്തിൽ ബുധനാഴ്ച മേള അവസാനിപ്പിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനെ തള്ളിക്കൊണ്ടാണ് അധികൃതരുടെ പ്രഖ്യാപനം. ഉത്തരാഖണ്ഡ് സർക്കാരും മതനേതാക്കളുമായി കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. ഈ ചർച്ചക്ക് പിന്നാലെയാണ് അധികൃതർ നിലപാട് വ്യക്തമാക്കിയത്.
കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഹരിദ്വാറിൽ വൈറസ് ബാധിച്ചത് 1500ലധികം ആളുകൾക്കാണ്. ചൊവ്വാഴ്ച 594 കേസുകളും തിങ്കളാഴ്ച 408 കേസുകളും ബുധനാഴ്ച 525 കൊവിഡ് കേസുകളും ഹരിദ്വാറിൽ റിപ്പോർട്ട് ചെയ്തു.
പത്ത് ലക്ഷത്തോളം വരുന്ന ആളുകളാണ് കുംഭമേളയ്ക്കായി ഹരിദ്വാറിൽ ഒരുമിച്ച് കൂടിയിരിക്കുന്നത്. തിങ്കളാഴ്ച നടന്ന ഷാഹി സ്നാനിൽ ഒരു ലക്ഷത്തോളം ആളുകൾ കൊവിഡ് മാനദണ്ഡങ്ങളൊന്നും പാലിക്കാതെ ഗംഗാതീരത്ത് പങ്കെടുത്തിരുന്നു. മാസ്കും സാമൂഹിക അകലവുമൊന്നും ഇല്ലാതെയാണ് ഇവർ ഒരുമിച്ച് കൂടിയത്. വിശ്വാസികൾക്കൊപ്പം പതിനായിരക്കണക്കിന് പൂജാരികളും ഹരിദ്വാറിൽ ഉണ്ട്.
കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനകൾ ഉണ്ടെങ്കിലും അതൊന്നും പലരും പാലിക്കുന്നില്ലെന്നാണ് വിവരം. കുംഭമേളയിൽ ഉയർത്തിയിരിക്കുന്ന പോസ്റ്ററുകളിൽ വേണ്ട മുൻകരുതലുകൾ എടുക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, ലക്ഷങ്ങൾ പങ്കെടുക്കുന്ന കുംഭമേളയിൽ സാമൂഹിക അകലം പാലിക്കുക എന്നത് അസാധ്യമാണെന്ന് വിശ്വാസികൾ പറയുന്നു.
Story Highlights: Authorities say Kumbh Mela will continue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here