വടക്കുംനാഥ ക്ഷേത്രത്തിലെ ഇലഞ്ഞി മരം പൂത്തു; പതിവു തെറ്റിക്കാതെ

പതിവു തെറ്റിക്കാതെ തൃശൂര്‍ പൂരത്തിന് വടക്കുംനാഥ ക്ഷേത്രത്തിലെ ഇലഞ്ഞി മരം പൂത്തു. പ്രസിദ്ധമായ ഇലഞ്ഞിത്തറ മേളത്തിന് സാക്ഷ്യം വഹിക്കുന്നത് ഈ പൂത്തുലഞ്ഞ ഇലഞ്ഞിമരമാണ്. മേളം ആഘോഷമാക്കാന്‍ ക്ഷേത്രത്തിനകത്ത് പ്രത്യേക പന്തലും ഒരുങ്ങിക്കഴിഞ്ഞു.

പതിവില്‍ കൂടുതലായി ഇലഞ്ഞിമരം പൂത്താല്‍ പൂരം വര്‍ണാഭമാകുമെന്നാണ് വിശ്വാസം. കഴിഞ്ഞ വര്‍ഷം കൊവിഡ് പശ്ചാത്തലത്തില്‍ ഇലഞ്ഞിത്തറ മേളം ഉണ്ടായിരുന്നില്ല. ഇത്തവണ അതുകൂടി ചേര്‍ത്ത് കേള്‍ക്കാനത്രെ ഇലഞ്ഞി പൂത്തുലഞ്ഞത്! വടക്കുംനാഥ ക്ഷേത്രത്തിനുള്ളില്‍ മുന്‍പുണ്ടായിരുന്നത് 80 വര്‍ഷം വരെ പഴക്കമുള്ള ഒരു ഇലഞ്ഞിമരമായിരുന്നു. പേമാരിയില്‍ കടപുഴകിയ ആ ഇലഞ്ഞിക്ക് പകരം നട്ട പുതിയ ഇലഞ്ഞിക്ക് 20 വര്‍ഷം പഴക്കമുണ്ട്.

മറ്റു ക്ഷേത്രങ്ങളുടെ അകത്തു നടക്കുന്ന മേളങ്ങളെല്ലാം പഞ്ചാരിയാണ്. വടക്കുംനാഥ ക്ഷേത്രത്തിനകത്ത് മാത്രമാണ് പാണ്ടി മേളം നടക്കുന്നത്. തൃശൂര്‍ പൂരത്തിന് നാടും നഗരവും പൂരലഹരിയില്‍ ആഴുമ്പോള്‍ പെരുവനം കുട്ടന്‍ മാരാരുടെ താളത്തിനൊത്ത് ഇലഞ്ഞിയും ഉലഞ്ഞാടും.

Story Highlights: thrissur pooram

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top