ജി. സുധാകരനെതിരായ പരാതിയിൽ നടപടിയില്ല; സ്റ്റേഷൻ പരിധിയിൽ അവ്യക്തതയെന്ന് പൊലീസ് വാദം

മന്ത്രി ജി. സുധാകരനെതിരായ മുൻ പേഴ്‌സണൽ സ്റ്റാഫംഗത്തിന്റെ ഭാര്യയുടെ പരാതിയിൽ പൊലീസിന്റെ തുടർ നടപടികൾ മരവിച്ച നിലയിൽ. സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പൊലീസിന്റെ മെല്ലെപ്പോക്ക്. വസ്തുതാ അന്വേഷണം നടത്തിയ ആലപ്പുഴ സൗത്ത് പൊലീസ് പരാതി അമ്പലപ്പുഴയിലേക്ക് തിരികെ കൈമാറി.
ആലപ്പുഴയിൽ വച്ച് നടത്തിയ ഒരു വാർത്താസമ്മേളനത്തിൽ ജി. സുധാകരൻ നടത്തിയ പരാമർശമാണ് വിവാദമായത്. ഇതിനെതിരെയാണ് മന്ത്രിയുടെ മുൻ പേഴ്‌സണൽ സ്റ്റാഫംഗത്തിന്റെ ഭാര്യ പൊലീസിൽ പരാതി നൽകിയത്. സംഭവം നടന്നത് ആലപ്പുഴയിലാണ് എന്നതുകൊണ്ട് കേസന്വേഷണം നടത്തേണ്ടത് ആലപ്പുഴ സൗത്ത് പൊലീസാണെന്നാണ് അമ്പലപ്പുഴ പൊലീസിന്റെ വാദം. ഇക്കാരണം ചൂണ്ടിക്കാട്ടി തങ്ങൾക്ക് ലഭിച്ച പരാതി അമ്പലപ്പുഴ പൊലീസ് ആലപ്പുഴ സൗത്ത് പൊലീസിന് കൈമാറി. സ്ത്രീയുടെ മൊഴിയെടുത്ത് വസ്തുതാ പരിശോധന നടത്തിയ ആലപ്പുഴ സൗത്ത് പൊലീസ്, പരാതി വീണ്ടും അമ്പലപ്പുഴ പൊലീസിന് കൈമാറുകയായിരുന്നു.
അതേസമയം, ജി. സുധാകരനെതിരായ പരാതിക്ക് പിന്നിൽ വിഭാഗീയതയെന്നാണ് സിപിഐഎം നേതൃത്വത്തിന്റെ വിലയിരുത്തൽ. വിവാദം കൈവിട്ടതോടെ പരസ്യ പ്രതികരണങ്ങൾ ഒഴിവാക്കാൻ സംസ്ഥാന നേതൃത്വം ജില്ലാ നേതാക്കൾക്ക് നിർദേശം നൽകി. പാർട്ടി തലത്തിൽ അനുനയ നീക്കങ്ങൾ നടത്തിയെങ്കിലും ഈ ശ്രമം വഴിമുട്ടിയിരിക്കുകയാണ്.
Story Highlights: G sudhakaran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here