കാമിയോകൾ വിധിയെഴുതി; രാജസ്ഥാന് 189 റൺസ് വിജയലക്ഷ്യം

ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ രാജസ്ഥാൻ റോയൽസിന് 189 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് 188 റൺസ് നേടിയത്. 33 റൺസെടുത്ത ഫാഫ് ഡുപ്ലെസിയാണ് ചെന്നൈയുടെ ടോപ്പ് സ്കോറർ. ആകെ 7 താരങ്ങൾ ചെന്നൈക്കായി നിർണായക സംഭാവനകൾ നൽകി. രാജസ്ഥാനു വേണ്ടി ചേതൻ സക്കരിയ 3 വിക്കറ്റ് വീഴ്ത്തി.
പതിഞ്ഞ താളത്തിലാണ് ചെന്നൈ ഇന്നിംഗ്സ് ആരംഭിച്ചത്. ബൗളർമാർ നന്നായി പന്തെറിഞ്ഞപ്പോൾ മികച്ച ഫീൽഡ് പ്ലേസ്മെൻ്റുകളുമായി സഞ്ജുവും മികച്ചു നിന്നു. നാലാം ഓവറിൽ ചെന്നൈയുടെ ആദ്യ വിക്കറ്റ് വീണു. ഋതുരാജ് ഗെയ്ക്‌വാദിനെ (10) മുസ്തഫിസുർ റഹ്മാനാണ് പുറത്തായത്. എന്നാൽ, രാജസ്ഥാൻ്റെ തന്ത്രങ്ങളെ കൗണ്ടർ അറ്റാക്ക് ചെയ്ത ഫാഫ് ഡുപ്ലെസി വേഗത്തിൽ മുംബൈയുടെ സ്കോർ ഉയർത്തി. എന്നാൽ ആറാം ഓവറിൽ ഡുപ്ലെസിയും (33) മടങ്ങി. ക്രിസ് മോറിസിനായിരുന്നു വിക്കറ്റ്.
മൂന്നാം നമ്പറിലെത്തിയ മൊയീൻ അലിയും മികച്ച ഫോമിലായിരുന്നു. 26 റൺസെടുത്ത മൊയീനെ രാഹുൽ തെവാട്ടിയ ആണ് പുറത്താക്കിയത്. സുരേഷ് റെയ്ന (18), അസാമാന്യ ഫോമിൽ കളിച്ചുകൊണ്ടിരുന്ന അമ്പാട്ടി റായുഡു (27) എന്നിവരെ ഒരു ഓവറിൽ മടക്കി അയച്ച ചേതൻ സക്കരിയ രാജസ്ഥാനെ വീണ്ടും മത്സരത്തിലേക്ക് തിരികെ എത്തിച്ചു. എംഎസ് ധോണിയെയും (18) സക്കരിയ തന്നെയാണ് മടക്കിയത്. രവീന്ദ്ര ജഡേജ ക്രിസ് മോറിസിൻ്റെ ഇരയായി മടങ്ങിയപ്പോൾ സാം കറൻ (13) റണ്ണൗട്ടായി. അവസാന ഓവറുകളിൽ ചില മികച്ച ഷോട്ടുകൾ കളിച്ച ഡ്വെയിൻ ബ്രാവോ ആണ് ചെന്നൈയെ 180 കടത്തിയത്. ബ്രാവോ (20) പുറത്താവാതെ നിന്നു.
Story Highlights: csk rr ipl first innings
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here