കണ്ണൂരിൽ മോഷ്ടാവിന്റെ എടിഎം കാർഡ് തട്ടിയെടുത്ത് പണം കവർന്ന് പൊലീസ്; അന്വേഷണം

മോഷ്ടാവിന്റെ എടിഎം കാർഡ് തട്ടിയെടുത്ത് പണം കവർന്ന് പൊലീസ്. കണ്ണൂർ തളിപ്പറമ്പ പൊലീസ് സ്റ്റേഷനിലാണ് പൊലീസുകാരൻ അരലക്ഷം രൂപയോളം തട്ടിയെടുത്തതായി പരാതി ഉയർന്നത്. സംഭവത്തിൽ കണ്ണൂർ റൂറൽ എസ്പി നവനീത് ശർമ അന്വേഷത്തിന് ഉത്തരവിട്ടു.
ചൊക്ലി ഒളിവിലം സ്വദേശി മനോജ് കുമാറിന്റെ എടിഎം കാർഡ് തട്ടിയെടുത്ത് 70000 രൂപ കവർന്ന സംഭവത്തിലാണ് ഏപ്രിൽ മൂന്നാം തീയതി ഗോകുലിനെ തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. പിടിയിലാകുമ്പോൾ ഗോകുലിന്റെ കൈവശം സഹോദരിയുടെ എടിഎം കാർഡ് ഉണ്ടായിരുന്നു. ഈ കാർഡ് പൊലീസുകാർ കൈക്കലാക്കി. എടിഎം കാർഡിന്റെ പിൻ നമ്പർ കേസിന്റെ ആവശ്യത്തിന് എന്ന് തെറ്റിദ്ധരിപ്പിച്ച് സഹോദരിയിൽ നിന്ന് വാങ്ങി. പിന്നീട് കാർഡ് ഉപയോഗിച്ച് ഏപ്രിൽ 7 മുതൽ വിവിധ ആവശ്യങ്ങൾക്കായി പണം പിൻവലിച്ചു. എടിഎം കാർഡ് ഉപയോഗിച്ച് പണം പിൻവലിച്ചതായുള്ള സന്ദേശം മൊബൈൽ ഫോണിൽ വന്നതോടെ പരാതിയുമായി ഇവർ പൊലീസിനെ സമീപിച്ചു.
തളിപ്പറമ്പ് ഡിവൈഎസ്പി കെഇ പ്രേമചന്ദ്രൻ നിർദ്ദേശാനുസരണം സിഐ വി ജയകുമാർ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന് പിന്നിൽ പൊലീസിലെ പങ്കാളിത്തം വ്യക്തമായത്. ഇത് സംബന്ധിച്ച വിശദമായ റിപ്പോർട്ട് റൂറൽ എസ്പി മുൻപാകെ സമർപ്പിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥനെതിരെ വകുപ്പ് തല നടപടി ഉടനുണ്ടാകും.
Story Highlights: Police steal money using thief’s ATM card
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here