വളാഞ്ചേരിയിൽ പെൺകുട്ടിയെ കാണാതായ സംഭവത്തിൽ വഴിത്തിരിവ്; പെൺകുട്ടിയുടേതെന്ന് കരുതുന്ന മൃതദേഹം കണ്ടെത്തി

മലപ്പുറം വളാഞ്ചേരിയിൽ പെൺകുട്ടിയെ കാണാതായ സംഭവത്തിൽ നിർണ്ണായക വഴിത്തിരിവ്. പെൺകുട്ടിയുടേതെന്ന് കരുതുന്ന മൃതദേഹം വീടിന് സമീപത്ത് നിന്ന് കണ്ടെത്തി.

ഇന്ന് വൈകീട്ടോടെയാണ് പെൺകുട്ടിയുടെ വീടിന് സമീപത്ത് നിന്ന് അഴുകിയ നിലയിൽ ഒരു മൃതദേഹം കണ്ടെത്തുന്നത്. വീടിന്റെ പരിസരത്ത് കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹം. പെൺകുട്ടിയുടേതെന്ന് സ്ഥിരീകരിക്കാനായി മൃതദേഹം പുറത്തേക്ക് എടുത്ത് പരിശോധന നടത്തിയിട്ടില്ല.

കഴിഞ്ഞ മാർച്ച് 10 മുതലാണ് ചോറ്റൂർ സ്വദേശിനിയായ പെൺകുട്ടിയെ കാണാതായത്. മലപ്പുറം വെട്ടിച്ചിറയിലെ ദന്താശുപത്രിയിൽ സഹായി ആയി ജോലി ചെയ്യുകയായിരുന്നു പെൺകുട്ടി. രാവിലെ ജോലിക്ക് പോകുന്നതിനായി വീട്ടിൽ നിന്നും ഇറങ്ങിയതായിരുന്നു പെൺകുട്ടി. എന്നാൽ ജോലി സ്ഥലത്ത് എത്താതിരുന്നതോടെ പെൺകുട്ടിക്കായുള്ള തെരച്ചിലിലായിരുന്നു കുടുംബം. ഇതിന് പിന്നാലെ വീട്ടുകാരും ക്ലിനിക് അധികൃതരും പൊലീസിൽ പരാതി നൽകി.

തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ സിസിടിവി ദൃശങ്ങൾ ലഭിച്ചു. എന്നാൽ പെൺകുട്ടി വീട്ടിൽ നിന്ന് ഇറങ്ങുകയും പക്ഷെ ജോലി സ്ഥലത്ത് എത്തുന്നതായുള്ള ദൃശ്യങ്ങൾ ലഭിക്കാത്തതും അന്വേഷണ സംഘത്തിന് സംശയം ഉണ്ടാക്കി. പെൺകുട്ടിയുടെ മൊബൈൽ ഫോണിൽ ബന്ധപ്പെട്ടപ്പോൾ ഒരു തവണ ബെല്ലടിക്കുകയും എന്നാൽ പിന്നീട് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. കഴിഞ്ഞ 40 ദിവസത്തോളമായി പെൺകുട്ടിയെ അന്വേഷണ സംഘത്തിന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

Story highlights: Malappuram missing girl dead body found

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top