മികച്ച പ്രകടനം നടത്തുമെന്ന ഉറപ്പ് നൽകാൻ എനിക്കാവില്ല: മഹേന്ദ്ര സിംഗ് ധോണി

താൻ മികച്ച പ്രകടനം നടത്തുമെന്ന ഉറപ്പു നൽകാൻ തനിക്കാവില്ലെന്ന് ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്റ്റൻ എംഎസ് ധോണി. മികച്ച പ്രകടനമെന്നത് ഒരിക്കലും ഉറപ്പു നൽകാൻ കഴിയുന്ന ഒന്നല്ല. താൻ ആദ്യം നേരിട്ട 6 പന്തുകൾ തങ്ങളെ മറ്റൊരു മത്സരത്തിൽ പരാജയപ്പെടുത്തിയേക്കും എന്നും ധോണി പറഞ്ഞു. രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിനു ശേഷമാണ് ധോണിയുടെ പ്രതികരണം.
“കുറച്ചുകൂടി റൺസ് നേറ്റാൻ കഴിയുമായിരുന്നെന്നാണ് എനിക്ക് തോന്നിയത്. ഞാൻ കളിച്ച ആദ്യ 6 പന്തുകൾ ഞങ്ങൾക്ക് മറ്റൊരു മത്സരം നഷ്ടപ്പെടാൻ ഇടയാക്കിയേക്കും. കാര്യം സത്യമാണെങ്കിലും, കളിക്കുമ്പോൾ താൻ അൺഫിറ്റാണെന്ന് കേൾക്കാൻ ഒരാളും ആഗ്രഹിക്കില്ല. പ്രകടനം എന്നത് ഒരിക്കലും ഉറപ്പുനൽകാൻ കഴിയുന്ന ഒന്നല്ല. 24ആം വയസ്സിൽ അങ്ങനെ ഒരു ഉറപ്പ് നൽകാൻ കഴിഞ്ഞിട്ടില്ല. 40ആം വയസ്സിലും അതിനു കഴിയില്ല. ഞാൻ അൺഫിറ്റാണെന്ന് ഒരാൾക്കും പറയാൻ കഴിയില്ല. അത് എന്നെ സംബന്ധിച്ചിടത്തോളം ഒരു വലിയ കാര്യമാണ്. യുവാക്കൾക്കൊപ്പം പിടിച്ചുനിൽക്കണം. അവർ ഒരുപാട് ഓടും. അവർ വേഗതയുള്ളവരാണ്.”- ധോണി പറഞ്ഞു.
മത്സരത്തിൽ സൂപ്പർ കിംഗ്സ് വിജയിച്ചിരുന്നു. 45 റൺസിനാണ് ചെന്നൈ വിജയിച്ചത്. ചെന്നൈ സൂപ്പർ കിംഗ്സ് മുന്നോട്ടുവച്ച 189 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ രാജസ്ഥാന് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 143 റൺസ് എടുക്കാനേ സാധിച്ചുള്ളൂ. 49 റൺസെടുത്ത ജോസ് ബട്‌ലറാണ് രാജസ്ഥാൻ്റെ ടോപ്പ് സ്കോറർ. ചെന്നൈക്കായി മൊയീൻ അലി 7 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തി. തുടർച്ചയായ രണ്ടാം മത്സരത്തിലാണ് ചെന്നൈ വിജയിക്കുന്നത്. രാജസ്ഥാൻ തുടർച്ചയായ രണ്ടാം മത്സരത്തിൽ പരാജയപ്പെട്ടു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here