കെടി ജലീലിന്റെ ഹർജി തള്ളിയത് മുഖ്യമന്ത്രിക്കും എൽഡിഎഫിനും ഏറ്റ തിരിച്ചടി: പികെ ഫിറോസ്

ലോകായുക്ത ഉത്തരവിനെതിരെ മുൻ മന്ത്രി കെടി ജലീൽ നൽകിയ ഹർജി ഹൈക്കോടതി തള്ളിയത് ജലീലിനും മുഖ്യമന്ത്രിക്കും എൽഡിഎഫിനും ഏറ്റ തിരിച്ചടിയെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസ്. ഹൈക്കോടതി വിധി എതിരാകുമെന്ന് തിരിച്ചറിഞ്ഞാണ് ജലീലിൽ നേരത്തെ രാജിവച്ചത്. ഇനി എങ്കിലും മുഖ്യമന്ത്രി മൗനം വെടിഞ്ഞ് യഥാർഥ വസ്തുതകൾ തുറന്ന് പറയണം. തെറ്റ് ചെയ്തെന്ന് തെളിയിച്ചാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കുമെന്ന് നിയമസഭയിൽ പറഞ്ഞ ജലീലിൽ വാക്ക് പാലിക്കാൻ തയ്യാറുണ്ടോയെന്നും പികെ ഫിറോസ് കോഴിക്കോട് ചോദിച്ചു.
വിധി സ്വാഗതാർഹമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രിയും കുറ്റക്കാരനാണ്. കഴിഞ്ഞ അഞ്ച് വർഷം നടന്ന ബന്ധു നിയമനങ്ങൾ കണ്ടെത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണം. യുഡിഎഫ് അധികാരത്തിൽ വന്നാൽ ഇക്കാര്യത്തിൽ അന്വേഷണം നടത്തുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
ബന്ധു നിയമനക്കേസിൽ മുൻമന്ത്രി കെ ടി ജലീലിന് എതിരായ ലോകായുക്ത ഉത്തരവ് ഹൈക്കോടതി ശരിവച്ചിരുന്നു. ഉത്തരവ് റദ്ദാക്കണമെന്ന ജലീലിന്റെ ഹർജി ഹൈക്കോടതി തള്ളി. ഉത്തരവിൽ വീഴ്ചയില്ലെന്നും ഹൈക്കോടതി. ഡിവിഷൻ ബെഞ്ചിന്റെതാണ് കോടതി ഉത്തരവ്. തന്റെ ഭാഗമോ രേഖകളോ പരിഗണിക്കാതെയാണ് ലോകായുക്ത ഉത്തരവ് ഇറക്കിയതെന്നായിരുന്നു കെടി ജലീലിന്റെ വാദം. പ്രാഥമിക അന്വേഷണം പോലും നടത്താതെ ലോകായുക്ത അന്തിമ വിധി പുറപ്പെടുവിച്ചുവെന്നും കെടി ജലീൽ പറഞ്ഞിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here