Advertisement

വിറപ്പിച്ച് കൊൽക്കത്ത; പതറാതെ ചെന്നൈ: തുടർച്ചയായ മൂന്നാം ജയം

April 21, 2021
1 minute Read
csk won against kkr

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ചെന്നൈ സൂപ്പർ കിംഗ്സിന് തകർപ്പൻ ജയം. 18 റൺസിനാണ് ചെന്നൈ കൊൽക്കത്തയെ പരാജയപ്പെടുത്തിയത്. ചെന്നൈ ഉയർത്തിയ 221 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ കൊൽക്കത്ത 19.1 ഓവറിൽ 202 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. 66 റൺസെടുത്ത പാറ്റ് കമ്മിൻസാണ് കൊൽക്കത്തയുടെ ടോപ്പ് സ്കോറർ. ആന്ദ്രേ റസൽ (54), ദിനേശ് കാർത്തിക് (40) എന്നിവരും കൊൽക്കത്തക്കായി തിളങ്ങി. 4 വിക്കറ്റ് വീഴ്ത്തിയ ദീപക് ചഹാർ ആണ് കൊൽക്കത്തയെ തകർത്തത്. ഒരു ഘട്ടത്തിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 31 റൺസ് എന്ന നിലയിൽ കൂറ്റൻ പരാജയം മുന്നിൽ കണ്ട കൊൽക്കത്തയെ റസൽ, കാർത്തിക്, കമ്മിൻസ് എന്നിവർ ചേർന്നാണ് കരകയറ്റിയത്.

ഇന്നിംഗ്സിലെ ആദ്യ ഓവർ മുതൽ തുടങ്ങി കൊൽക്കത്തയുടെ വിക്കറ്റ് വീഴ്ച. ദീപക് ചഹാറിനു മുന്നിൽ ചീട്ടുകൊട്ടാരം പോലെയാണ് കൊൽക്കത്ത ടോപ്പ് ഓർഡർ തകർന്നുവീണത്. ശുഭ്മൻ ഗിൽ (0), നിതീഷ് റാണ (9), ഓയിൻ മോർഗൻ (7), സുനിൽ നരേൻ (4) എന്നിവരാണ് ചഹാറിനു മുന്നിൽ കീഴടങ്ങിയത്. രാഹുൽ ത്രിപാഠിയെ (8) ലുങ്കി എങ്കിഡിയും പുറത്താക്കി.

5.2 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 31 എന്ന നിലയിൽ കൂറ്റൻ തകർച്ച അഭിമുഖീകരിക്കവെ റസലും കാർത്തികും ക്രീസിൽ ഒത്തുചേർന്നു. പിന്നീട് റസൽ വേട്ട ആയിരുന്നു. വാംഖഡെ പിച്ചിൽ നിറഞ്ഞാടിയ റസൽ ഒന്നൊഴിയാതെ എല്ലാവരെയും അതിർത്തികടത്തി. കാർത്തിക് റസലിന് ഉറച്ച പിൻഗാമിയായി. 21 പന്തുകളിൽ റസൽ ഫിഫ്റ്റി തികച്ചു. 81 റൺസാണ് റസൽ-കാർത്തിക് സഖ്യം ആറാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്. ഒടുവിൽ, 12ആം ഓവറിൽ സാം കറൻ റസലിൻ്റെ ബ്രൂട്ടൽ അസാൾട്ടിന് അന്ത്യം കുറിച്ചു. പന്ത് ജഡ്ജ് ചെയ്യുന്നതിൽ പിഴവു പറ്റിയ റസൽ ബൗൾഡാവുകയായിരുന്നു. 22 പന്തിൽ 3 ബൗണ്ടറിയും 6 സിക്സറും സഹിതം 54 റൺസെടുത്തിട്ടാണ് റസൽ മടങ്ങിയത്.

റസൽ പുറത്തായിട്ടും പൊരുതിയ കാർത്തിക് (40) ലുങ്കി എങ്കിഡിക്ക് രണ്ടാം വിക്കറ്റ് സമ്മാനിച്ച് മടങ്ങിയതോടെ കൊൽക്കത്ത വേഗത്തിൽ കീഴടങ്ങുമെന്ന പ്രതീതി ഉയർത്തി. എന്നാൽ, സാം കറൻ എറിഞ്ഞ 16ആം ഓവറിൽ 4 സിക്സർ സഹിതം 30 റൺസെടുത്ത പാറ്റ് കമ്മിൻസ് ചെന്നൈ ക്യാമ്പിൽ ഭീതി നിറച്ചു. അടുത്ത ഓവറിൽ നഗർകൊടി (0) എങ്കിഡിക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങിയത് കൊൽക്കത്തയെ വീണ്ടും പ്രതിസന്ധിയിലാക്കി. ഇതിനിടെ 23 പന്തുകളിൽ കമ്മിൻസ് ഫിഫ്റ്റി തികച്ചു.19ആം ഓവർ എറിഞ്ഞ സാം കറൻ 16ആം ഓവറിൻ്റെ കറ കഴുകിക്കളഞ്ഞ് കമ്മിൻസിനെ പൂട്ടിയതോടെ കൊൽക്കത്ത കളി കൈവിട്ടു. ഓവറിൽ 8 റൺസാണ് കറൻ വിട്ടുനൽകിയത്. ആ ഓവറിൽ തന്നെ വരുൺ ചക്രവർത്തി (0) റണ്ണൗട്ടായിരുന്നു. ഇതോടെ അവസാന ഓവറിൽ 20 റൺസായി കൊൽക്കത്തയുടെ വിജയലക്ഷ്യം. അവസാന ഓവറിലെ ആദ്യ പന്തിൽ രണ്ടാം റണ്ണിനോടിയ പ്രസിദ്ധ് കൃഷ്ണ റണ്ണൗട്ടായതോടെ ചെന്നൈക്ക് വിജയം.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top