Advertisement

കൊവിഷീൽഡ് വാക്സിൻ സംസ്ഥാനങ്ങൾക്ക് 400 രൂപയ്ക്ക്; കേന്ദ്ര സർക്കാരിന് 150 രൂപയ്ക്ക്: സെറം ഇൻസ്റ്റിറ്റ്യൂട്ട്

April 21, 2021
2 minutes Read
Serum Covishield States Hospitals

കൊവിഷീൽഡ് വാക്സിൻ വിലയിൽ നിർണായക വെളിപ്പെടുത്തലുമായി സെറം ഇൻസ്റ്റിറ്റ്യൂട്ട്. സംസ്ഥാനങ്ങൾക്ക് വാക്സിൻ 400 രൂപയ്ക്ക് നൽകുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. സ്വകാര്യ ആശുപത്രികൾക്ക് 600 രൂപയ്ക്കാവും വാക്സിൻ നൽകുക. കേന്ദ്ര സർക്കാരിന് 150 രൂപയ്ക്ക് വാക്സിൻ നൽകും. വാർത്താ കുറിപ്പിലൂടെയാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഇക്കാര്യം അറിയിച്ചത്.

മറ്റ് വാക്സിനുകളുമായി താരതമ്യം ചെയ്യുമ്പോൾ തങ്ങൾ കുറഞ്ഞ വിലയ്‌ക്കാണ് കൊവിഷീൽഡ് വിൽക്കുന്നതെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി. റഷ്യൻ നിർമ്മിത വാക്‌സിനും ചൈനീസ് വാക്‌സിനും 750 രൂപയാണ് വില. അമേരിക്കൻ നിർമ്മിത വാക്‌സിൻ്റെ വില 1500 രൂപയാണ്. ഉത്പാദനത്തിൻ്റെ അമ്പത് ശതമാനം കേന്ദ്ര സർക്കാരിനായി മാറ്റിവെക്കും. ബാക്കിയാണ് സംസ്ഥാനങ്ങൾക്കും സ്വകാര്യ ആശുപത്രികൾക്കും നൽകുക എന്നും വാർത്താകുറിപ്പിൽ സെറം ഇൻസ്റ്റിറ്റ്യൂട്ട് പറഞ്ഞു. രാജ്യത്ത് 18 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കെല്ലാം വാക്സിൻ നൽകുമെന്ന പ്രഖ്യാപനത്തിനു പിന്നാലെയാണ് സെറം ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ വാർത്താകുറിപ്പ്.

മെയ് ഒന്നാം തിയതി മുതലാണ് രാജ്യത്ത് 18 വയസിന് മുകളിലുള്ളവർക്കെല്ലാം വാക്‌സിൻ നൽകുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം അറിയിച്ചത്. ഇതുവരെ 45 വയസിന് മുകളിലുള്ളവർക്ക് മാത്രമായിരുന്നു വാക്‌സിൻ. ഈ പരിധിയാണ് നിലവിൽ 18 വയസായി ഉയർത്തിയിരിക്കുന്നത്.

അതേസമയം, രാജ്യം വാക്‌സിൻ ക്ഷാമം നേരിട്ടുകൊണ്ടിരിക്കുകയാണ്. മിക്ക സംസ്ഥാനങ്ങളും വേണ്ടത്ര വാക്‌സിൻ ലഭ്യമാകുന്നില്ലെന്ന് വെളിപ്പെടുത്തി. കേരളത്തിലും വാക്‌സിൻ ക്ഷാമം രൂക്ഷമാണ്. മിക്ക വാക്‌സിനേഷൻ സെന്ററുകളും താത്കാലികമായി നിർത്തിയിട്ടുണ്ട്.

Story highlights: Serum institute Covishield At rs 400 A Dose For States 600 For Private Hospitals

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top