കൊവിഡ്: ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് അനുമതി നിഷേധിച്ച് ‘കൈലാസ’

ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് തൻ്റെ രാജ്യമായ കൈലാസത്തേക്കുള്ള യാത്രാനുമതി നിഷേധിച്ച് ആൾദൈവം നിത്യാനന്ദ. ഇന്ത്യയിലെ കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിലാണ് നടപടി. വാർത്താകുറിപ്പിലൂടെയാണ് നിത്യാനന്ദ ഇക്കാര്യം അറിയിച്ചത്. ഇന്ത്യക്കൊപ്പം ബ്രസീൽ, യൂറോപ്യൻ യൂണിയൻ, മലേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്കും വിലക്കുണ്ട്.
ബലാത്സംഗ കേസിൽ അറസ്റ്റ് ഉറപ്പായ സാഹചര്യത്തിലാണ് പാസ്‌പോർട്ടിന്റെ കാലാവധി തീർന്ന സാഹചര്യത്തിൽ നിത്യാനന്ദ രാജ്യം വിട്ടത്. തുടർന്ന് ഇക്വഡോറിൽ ഒരു ദ്വീപ് വാങ്ങി അതിന് കൈലാസം എന്ന് പേരിടുകയും സ്വന്തമായി രാജ്യം നിർമിക്കുകയും ചെയ്തു. പാസ്പോർട്ട്, മന്ത്രിസഭ, പതാക തുടങ്ങി ഒരു രാജ്യത്തിനു വേണ്ട സകലതും ഇവിടെ ഉണ്ട്.
കഴിഞ്ഞ ഓഗസ്റ്റിൽ നിത്യാനന്ദ രാജ്യത്തിൻ്റെ കറൻസി പുറത്തിറക്കിയിരുന്നു. ‘റിസർവ് ബാങ്ക് ഓഫ് കൈലാസ’ നിർമിച്ച ‘കൈലാസിയൻ ഡോളർ’ ആണ് പുറത്തിറക്കിയത്. സ്വർണത്തിലാണ് നാണയങ്ങൾ നിർമിച്ചിരിക്കുന്നത്. തമിഴിൽ ഇതിനെ ഒരു പൊർകാസ് എന്നും സംസ് കൃതത്തിൽ സ്വർണമുദ്ര എന്നുമാണ് പേര് നൽകിയിയത്. 11.66 ഗ്രാം സ്വർണത്തിലാണ് ഒരു കൈലാസിയൻ ഡോളർ നിർമിച്ചിരിക്കുന്നതെന്നാണ് നിത്യാനന്ദയുടെ അവകാശവാദം. 1/4, 1/2, 3/4, രണ്ട്, മൂന്ന്, നാല്, അഞ്ച്, 10 ഡോളറിന്റെ നാണയങ്ങളും പുറത്തിറക്കിയിട്ടുണ്ട്.
രണ്ട് പെൺകുട്ടികളെ അഹമ്മദാബാദിലെ ആശ്രമത്തിൽ അനധികൃതമായി തടഞ്ഞുവച്ച കേസിൽ നിത്യാനന്ദയ്‌ക്കെതിരെ പൊലീസ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇതിനിടെ നിത്യാനന്ദയുടെ ആശ്രമത്തിലെ പഴയ അന്തേവാസിയുടെ വെളിപ്പെടുത്തൽ ലോകത്തിനെ മുഴുവൻ ഞെട്ടിച്ചിരുന്നു. 10 വർഷത്തോളം താൻ അവിടെ ഉണ്ടായിരുന്നെന്നും 2015 മുതൽ താൻ ലൈംഗികമായി പീഡിപ്പിക്കപ്പെടാറുണ്ടായിരുന്നു എന്നും വിജയകുമാർ എന്ന യുവാൻ കലൈഞ്ജർ ടിവിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ആശ്രമത്തിൽ നടക്കുന്നത് തട്ടിപ്പും ലൈംഗികാതിക്രമങ്ങളും ആണെന്ന് വിജയകുമാർ പറഞ്ഞു.
Story highlights: Nithyananda Bans Travellers From India To Kailasa
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here