മട്ടാഞ്ചേരിയിലെ ഡി.ജെ പാർട്ടി; ഇസ്രയേൽ പൗരനെ കേന്ദ്രീകരിച്ച് അന്വേഷണം

മട്ടാഞ്ചേരിയിലെ ജിഞ്ചർ ഹൗസിൽ ഡി.ജെ പാർട്ടിക്കായി എത്തിയ ഇസ്രയേൽ പൗരൻ സജംഗയെ കേന്ദ്രീകരിച്ച് അന്വേഷണം. നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും കസ്റ്റംസുമാണ് സജംഗയെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നത്. സജംഗയുമായി ബന്ധപ്പെട്ട വിവരങ്ങൾ എൻസിബിയും കസ്റ്റംസും മട്ടാഞ്ചേരി പൊലീസിൽ നിന്നും തേടി.
ഇസ്രയേൽ പൗരനെ കേന്ദ്രീകരിച്ച് വിശദമായ അന്വേഷണമാണ് എൻസിബിയും കസ്റ്റംസും നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് സജംഗയുമായി ബന്ധപ്പെട്ട വിവരങ്ങൾ മട്ടാഞ്ചേരി പൊലീസിനോട് തേടിയത്. ഡി.ജെ പാർട്ടി നടത്താനായാണ് സജംഗ കൊച്ചിയിൽ എത്തിയതെന്നാണ് പൊലീസിന് ലഭിച്ച വിവരം. സജംഗയെ കൊച്ചിയിലെ ഒരു ആഢംബര ഹോട്ടലിൽ എത്തിച്ച് ഡി.ജെ പാർട്ടി നടത്താനും സംഘാടകർ ആലോചിച്ചിരുന്നു. നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ ഇടപെടലിനെ തുടർന്ന് ആ പരിപാടി നടക്കാതെ പോയി. തുടർന്നാണ് ഡി.ജെ പാർട്ടി മട്ടാഞ്ചേരിയിലെ ജിഞ്ചർ ഹൗസിലേയ്ക്ക് മാറ്റിയത്. കസ്റ്റംസിന്റെ ഇടപെടലുണ്ടായതോടെ ആ പരിപാടിയും മുടങ്ങി. ഇതിന് പിന്നാലെയാണ് സജംഗയെ കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം ആരംഭിച്ചത്. ജിഞ്ചർ ഹൗസ് ഉടമയേയും ഡി.ജെ പാർട്ടി സംഘാടകരേയും വിശദമായി ചോദ്യം ചെയ്യാനാണ് എൻസിബിയുടേയും കസ്റ്റംസിന്റേയും തീരുമാനം.
Story highlights: dj party