കരമന ജനാര്‍ദ്ദനന്‍ നായര്‍ വിടവാങ്ങി 21 വര്‍ഷം

മറക്കാനാകാത്ത നിരവധി അഭിനയ മുഹൂര്‍ത്തങ്ങള്‍ മലയാളിക്ക് സമ്മാനിച്ച നടനാണ് കരമന ജനാര്‍ദ്ദനന്‍ നായര്‍. അദ്ദേഹം മലയാള സിനിമാ ലോകത്തോട് വിടപറഞ്ഞിട്ട് ഇന്നേക്ക് 21 വര്‍ഷം തികയുകയാണ്. 1981ല്‍ എലിപ്പത്തായം എന്ന സിനിമയിലൂടെ അടൂര്‍ ഗോപാലകൃഷ്ണന്‍ മലയാളിക്ക് പരിചയപ്പെടുത്തിയത് ജന്മി സമ്പ്രദായത്തിന്റെ കാലഹരണപ്പെട്ട രാഷ്ട്രീയം മാത്രമല്ല. വെള്ളിത്തിരയിലെ ആ ജന്മിത്തറവാട്ടിലൂടെ അടൂര്‍ മലയാളിക്ക് നല്‍കിയത് അനശ്വരനായ ഒരു നടനേക്കൂടിയായിരുന്നു.
1936ല്‍ തിരുവനന്തപുരം ജില്ലയിലെ കരമനയില്‍ രാമസ്വാമി അയ്യരുടെയും ഭാര്‍ഗവി അമ്മയുടെയും മകനായാണ് ജനനം. പഠനകാലത്ത് തന്നെ ആകാശവാണിയിലും റേഡിയോ നാടക പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിധ്യമായി. ബിരുദാനന്തര പഠനത്തിന് ശേഷം ഡല്‍ഹി സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ ചേര്‍ന്നു. അടൂര്‍ ഗോപാലകൃഷ്ണന്റെ മിത്തായിരുന്നു അരങ്ങേറ്റ ചിത്രം. തുടര്‍ന്ന് മതിലുകള്‍, മുഖാമുഖം, പൊന്‍മുട്ടയിടുന്ന താറാവ്, ധ്വനി തുടങ്ങി 200ഓളം ചിത്രങ്ങളില്‍ അഭിനയിച്ചു.
മലയാള സിനിമാ ലോകത്തോട് വിടപറഞ്ഞ് 21 വര്‍ഷങ്ങള്‍ക്കിപ്പുറവും അദ്ദേഹം ബാക്കി വെച്ചു പോയ ഓര്‍മ്മകളില്‍ ജീവിക്കുകയാണ് കുടുംബം. സിനിമകള്‍ക്കപ്പുറം അച്ഛനോര്‍മ്മകള്‍ മകനും അഭിനേതാവുമായ സുധീര്‍ കരമന പങ്കുവച്ചു. അച്ഛന്‍ ശത്രുക്കള്‍ ഇല്ലാത്ത ആളായിരുന്നുവെന്ന് മകന്‍.
ശരീര ഭാഷയുടെയും ശബ്ദ വിന്യാസത്തിന്റെയും തനതായ ശൈലിയിലൂടെ മലയാളിയുടെ അഭിനയ സങ്കല്‍പങ്ങള്‍ക്കൊത്ത് ഉയരാന്‍ കഴിഞ്ഞൊരു നടനാണ് കരമന ജനാര്‍ദ്ദനന്‍ നായര്‍. ഇന്നും ജനമനസുകളില്‍ ജീവിക്കുന്ന മലയാള സിനിമയിലെ അതുല്യ പ്രതിഭകളിലൊരാള്‍. ഓര്‍മകള്‍ മരിക്കാതിരിക്കട്ടെ..
Story highlights: karamana janardhanan nair, memory
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here